KeralaNews

മുട്ടില്‍ മരംമുറിക്കേസ്; ഉന്നതതല അന്വേഷണസംഘത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് നയിക്കും

കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. നയിക്കും. ശ്രീജിത്തിന് ചുമതല നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തെത്തി. മരംമുറിയിൽ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

മരംമുറിക്കേസിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ സംഘത്തിലുണ്ടാവുമെന്നും സംയുക്ത അന്വേഷണമാണ് നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഈ സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. മരംമുറിക്കൽ നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തുമെന്നാണ് സൂചന.

മരംമുറിയിൽ ഗൂഢാലോചന നടന്നെന്ന് സർക്കാർ സംശയിക്കുന്നതായും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. മരംമുറിക്കലിലേക്ക് നയിച്ച ഉത്തരവ് സർക്കാർ സദുദ്ദേശപരമായി പുറത്തിറക്കിയതായിരുന്നു എന്ന് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവർ നട്ടുവളർത്തിയ മരങ്ങൾ വേണമെങ്കിൽ മുറിക്കാം എന്നുള്ള ഉദ്ദേശത്തിൽ സർവകക്ഷി തീരുമാന പ്രകാരം ഇറക്കിയ ഉത്തരവായിരുന്നു വ്യാപക മരംമുറിക്കലിലേക്ക് നയിച്ചത്. ഉത്തരവിനെ ചിലർ ദുർവ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയും ചെയ്തു. ഈ തിരിച്ചറിവിൽ സർക്കാർ വിവാദ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇത് ആരാണ് ചെയ്തത്? ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ അംഗങ്ങൾ സംഘത്തിൽ വേണമെന്ന് അതത് വകുപ്പ് തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker