തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പോലീസ്. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈഡ്രോപ്ലെയിനിങ് എന്നാൽ എന്താണെന്നും ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു. സാധാരണഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (impeller action) ചാലുകളിൽ കൂടി (spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും.
എന്നാൽ ടയറിന്റെ വേഗം (peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും. അങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.
റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുന്നു. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും. വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യത കൂടുന്നു. മാത്രമല്ല, ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും ഹൈഡ്രോപ്ലെയിനിങ്ങിനു കാരണമാകും. ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്‌സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ റോഡിൽ നനവും വെള്ളക്കെട്ടും ഉള്ള ഭാഗത്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ടയറുകളിൽ ശരിയായ മർദ്ദത്തിൽ കാറ്റ് നിറയ്ക്കുകയെന്നതും പ്രധാനമാണ്.