തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ, ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം. പലരിൽനിന്നായി ഇത്രയും തുക കൈപ്പറ്റിയതായി മുഖ്യപ്രതി ദിവ്യാനായർ പോലീസിനു മൊഴിനൽകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം അറസ്റ്റിലായ ദിവ്യയുടെ ഡയറിയിൽ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്.
കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യാ നായരെ ഞായറാഴ്ച വെഞ്ഞാറമൂട് പോലീസാണ് അറസ്റ്റുചെയ്തത്. ശശികുമാരൻ തമ്പിയുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ, ദിവ്യാ നായരുടെ ഭർത്താവ് രാജേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെല്ലാം ഒളിവിലാണ്. ബോഡി ബിൽഡറും പവർ ലിഫ്‌റ്ററുമായ മണക്കാട് സ്വദേശിയായ ശ്യാംലാലും ശശികുമാരൻ തമ്പിയും സഹപാഠികളാണ്.
ഈ സൗഹൃദം ശ്യാംലാലിന് ടൈറ്റാനിയം ഓഫീസിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കി. ശ്യാംലാലിന് ടൈറ്റാനിയത്തിലുള്ള സ്വാധീനമാണ് ഉദ്യോഗാർഥികളെ തട്ടിപ്പിൽ കുരുക്കാൻ സഹായകമായത്. കന്റോൺമെന്റ്, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. ഇടനിലക്കാർ ജോലി വാഗ്ദാനംചെയ്ത് ടൈറ്റാനിയത്തിൽ എത്തിക്കുന്ന ഉദ്യോഗാർഥികളെ ശശികുമാരൻ തമ്പിയാണ് ഇന്റർവ്യൂ നടത്തിയിരുന്നത്.
ദിവ്യ ഫെയ്‌സ്ബുക്കിലൂടെ നൽകുന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാർഥികളെ ശ്യാംലാലും മറ്റുള്ളവരും ചേർന്ന് ഇന്റർവ്യൂവിനെന്നപേരിൽ ടൈറ്റാനിയത്തിൽ എത്തിക്കും. ശശികുമാരൻ തമ്പിയുടെ കാബിനിൽ വച്ച് ഇന്റർവ്യൂ നടത്തി ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തുക വാങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബർ ആറിന് കേസെടുത്തിട്ടും കന്റോൺമെന്റ് പോലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരി ഡി.സി.പി.ക്ക് പരാതികൊടുത്തു. പണം കൈമാറുന്നതിന്റെ വീഡിയോയും പ്രതികളുമായുള്ള ഫോൺ സംഭാഷണങ്ങളുമുൾപ്പെടുന്ന തെളിവുകളുമായാണ് ഇവർ പോലീസിനെ സമീപിച്ചത്. പൂജപ്പുര പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.നേരത്തെ കേരള ബാങ്കിൽ നിയമനം നൽകാമെന്ന് പറഞ്ഞ് പലരിൽനിന്ന് ദിവ്യാനായർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്.
പോലീസ് പരിശോധന നടത്തി
ട്രാവൻകൂർ ടൈറ്റാനിയം ഓഫീസിൽ തിങ്കളാഴ്ച പോലീസ് പരിശോധന നടത്തി. ശശികുമാരൻ തമ്പിയുടെ മുറിയിലെ അലമാരയിൽ നിന്ന് ബയോഡാറ്റകളും ഉദ്യോഗാർത്ഥികളുടെ പട്ടികയും ലഭിച്ചു. ടൈറ്റാനിയത്തിൽ ഇൻറർവ്യൂ നടത്തിയ പരാതിക്കാരും പൊലീസ് പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു. അഞ്ച് എഫ്.െഎ.ആറാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്.