ഡൽഹി: ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുള്ള മഹാരാഷട്രയിൽ എൻ ഡി എയും ഇന്ത്യ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 48 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. എൻ ഡി എ സഖ്യം 26 സീറ്റുകൾ വരെ നേടുമെന്നാണ് ടൈംസ് നൗ സർവ്വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 22 സീറ്റുകൾ നേടാനാകുമെന്നും സർവ്വെ പറയുന്നു..
എബിപി-ന്യൂസി സി വോട്ടർ സർവ്വേയും സമാന രീതിയിലുള്ള പോരാട്ടത്തിനുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കുന്നത്. എൻ ഡി എയ്ക്ക് 22 മുതൽ 26 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 23 മുതൽ 25 വരെ സീറ്റുകളും സർവ്വെ പറയുന്നു.
റിപബ്ലിക് ടിവി-പിമാർക്സ് സർവ്വെ എൻ ഡി എയ്ക്ക് 29 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 19 സീറ്റുകളുമാണ് സാധ്യത കൽപ്പിക്കുന്നത്. അതേസമയം റിപബ്ലിക് ഭാരത്-മാട്രൈസ് എൻ ഡി എ മഹാരാഷ്ട്രയിൽ തിളക്കമാർന്ന വിജയം നേടുമെന്നാണ് പറയുന്നത്. 30 മുതൽ 36 വരെ സീറ്റുകൾ ലഭിച്ചേക്കും. ഇന്ത്യ സഖ്യത്തിന് 19 വരെ സീറ്റുകൾ നേടാനാകുമെന്നും സർവ്വെ പറയുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ശിവസേനയും സഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി 23 സീറ്റും ശിവസേന 18 സീറ്റും നേടി. യു പി എയ്ക്ക് അന്ന് അഞ്ച് സീറ്റാണ് ലഭിച്ചത്. ശിവസേന (ഷിൻഡെ) യ്ക്കും അജിത് പവാറിന്റെ എൻ സി പിക്കുമൊപ്പമാണ് ബി ജെ പി മത്സരിക്കുന്നത്.
ബിജെപി 28 സീറ്റിലും ശിവസേന 15 ഇടത്തും എൻ സി പി നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനാണ് പിന്തുണ. എൻ സി പിയിലേയും ശിവസേനയിലേയും പിളർപ്പ് ഇന്ത്യ സഖ്യത്തെയും എൻ ഡി ഡിയേയും എങ്ങനെ ബാധിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം 400 സീറ്റുകൾ നേടിയെടുക്കാൻ സാധിക്കില്ലെങ്കിലും മൂന്നാമതും എൻ ഡി എ സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ലോക്‌പോള്‍-മെഗാ സര്‍വേ പ്രകാരം ബി ജെ പിക്ക് 325-335 സീറ്റുകളും ഇന്ത്യാ മുന്നണിക്ക് 155-165 സീറ്റുകളുമാണ് പ്രവചിക്കുന്നത്