കടുവ ഭീതി: വയനാട്ടിൽ നാലിടങ്ങളിൽ 48 മണിക്കൂര്‍ കർഫ്യൂ പ്രഖ്യാപിച്ചു
കൽപറ്റ: വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.
കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.
ഇന്ന് രാവിലെ പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണമുണ്ടായി. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്.
വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് പരിശോധന നടത്തുന്നത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.