തൃശൂർ:പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.
കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം.
തേക്കിൻകാട് മൈതാനിയിലെ വാട്ടർടാങ്കിനു സമീപത്തെ പടിയിൽവെച്ചാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒപ്പമുളള പെൺകുട്ടികളാരാണെന്ന് ലിവിനും കൂടെയുണ്ടായിരുന്നയാളും ചോദ്യം ചെയ്തു. ഇതാണ് ആക്രമണത്തിന് പ്രചോദനമായതെന്ന് പോലീസ് പറയുന്നു.
ലിവിനാണ് കത്തിവീശിയതെന്നും ഈ കത്തി വാങ്ങി തിരിച്ചുകുത്തുകയായിരുന്നു സംഭവിച്ചതെന്നുമായിരുന്നു പിടിയിലായവർ പോലീസിനോട് പറഞ്ഞത്. എന്നാൽ കത്തി പതിനാലുകാരൻ്റേത് തന്നെയാണ് എന്നാണ് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുന്നത്.