30 C
Kottayam
Monday, May 13, 2024

കാട്ടിനുള്ളിൽ ആദിവാസി കുട്ടികളുടെ മൃതദേഹം; പൊലീസ് നിഗമനം ശരിവച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Must read

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ കുട്ടികളുടെ മരണത്തില്‍ പൊലീസ് നിഗമനം ശരിവച്ച് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃഗങ്ങള്‍ ആക്രമിച്ച പാടുകള്‍ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. 16കാരനായ സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു രണ്ട് പേരുടെയും മൃതദേഹം കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് സജിയുടേതിനേക്കാള്‍ പഴക്കമുണ്ട്. തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് താഴെ വീണാകാം മരണമെന്ന് സംശയമുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം അരുണ്‍ കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീടാണ് ഇവിടെ നിന്നും 100 മീറ്ററോളം മാറി സജി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് രണ്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും കോളനിക്ക് പുറത്തുള്ള ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്നത് പതിവുണ്ട്. അതുകൊണ്ട് തന്നെ രണ്ടിന് വീട്ടില്‍ നിന്ന് പോയ കുട്ടികള്‍ മടങ്ങി വരാതിരുന്നതോടെ ബന്ധുവീടുകളില്‍ പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് വീട്ടുകാര്‍ കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്. പൊലീസും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമടക്കം കുട്ടികള്‍ക്കായി പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. തുടര്‍ന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week