'വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല'; കേക്ക് വിവാദത്തിൽ മറുപടിയുമായി തൃശൂര്‍ മേയർ
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വര്‍ഗീസ് തുറന്നടിച്ചു.
സുനിൽ കുമാറിന്‍റെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോല്‍ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. സുനിൽ കുമാറിന്‍റെ പ്രസ്താവന ബാലിശമാണ്. അതിന് കാര്യമായ വിലകല്‍പ്പിക്കുന്നില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
കെ സുരേന്ദ്രൻ തന്‍റെ അനുവാദത്തോടെയല്ല വീട്ടിലേക്ക് വന്നത്. പെട്ടെന്ന് വീട്ടിലേക്ക് ഒരാള്‍ വരുമ്പോള്‍ അയാളോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമല്ല തനിക്കുള്ളത്. സുനിൽ കുമാർ ജനപ്രതിനിധി ആണെങ്കിൽ ബിജെപിക്കാർ കേക്ക് കൊടുത്താൽ വാങ്ങില്ലേ? ഇപ്പാള്‍ സുനിൽ കുമാര്‍ ചട്ടക്കൂടിന് പുറത്താണ്.
അതിനാൽ എന്തും പറയാം. താൻ ചട്ടക്കൂടിനുള്ളിലാണ്. ഇടതുപക്ഷത്ത് നിലനിൽക്കുന്ന ആൾ ഇതുപോലുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. സുനിൽ കുമാറിന് തന്നോട് ഇത്ര സ്നേഹം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. തന്‍റെ വീട്ടിൽ സുരേഷ് ഗോപി വോട്ട് ചോദിക്കാൻ വന്നത് തെറ്റാണോ? ചായ കൊടുത്തത് തെറ്റാണോ?. സുനിൽ കുമാര്‍ തന്നെ കാണാൻ വന്നിരുന്നില്ല. ആകെ വന്നത് സുരേഷ് ഗോപി മാത്രമാണ്. തന്‍റെ ഓഫീസിൽ ഒരു സ്ഥാനാർഥി വന്നാൽ അയാളെ സ്വീകരിക്കുന്നത് സാമാന്യമര്യാദയാണ്
. വന്നത് ആസൂത്രിതമായിട്ടാണോ അല്ലയോ എന്നത് ചോദിക്കേണ്ടത് അവരോടാണ്. ലോകരക്ഷകനെ കാത്തിരിക്കുന്ന എന്‍റെ വീട്ടിലേക്ക് വരുന്നവരോട് വരണ്ട കയറരുത് എന്നു പറയാനാകുമോ? എവിടം കൊണ്ടാണ് തന്നെ ബിജെപിക്കാരൻ ആക്കുന്നത്? താൻ ബിജെപിയാണെന്ന് വെറുതെ പറഞ്ഞാൽ പോര. അത് തെളിയിക്കണം.
ഇടതുപക്ഷത്തിനൊപ്പം നിന്ന് നല്ലത് ചെയ്യാനാണ് താൻ ശ്രമിക്കുന്നത്. ബിജെപി വർഗീയ പാർട്ടിയാണ്. അവർ അവരുടെ വഴിക്ക് പൊയ്ക്കോട്ടെ. താൻ ഇടതുപക്ഷത്തിന്‍റെ ഒപ്പം മുന്നോട്ടുപോകുകയാണ്. സുനിൽ കുമാറുമായി വലിയ അടുപ്പുമാണ്.
സുനിൽ കുമാറിന്‍റെ പ്രസ്താവന നോക്കേണ്ടത് എൽഡിഎഫ് ആണ്. സുനിൽ കുമാറിന്‍റെ പ്രസ്താവനയ്ക്ക് അത്രകണ്ട് വിലകൽപ്പിക്കുന്നില്ല. അതൊക്കെ ഒരു ബാലിശമായ കാര്യം. താൻ പരിശോധിക്കാൻ ഒന്നും പറയില്ല.
താനിവിടെ ചെയ്യുന്ന നല്ല കാര്യങ്ങൾ വിഎസ് സുനിൽ കുമാറിന് ബോധ്യപ്പെടാത്തത് തന്‍റെ കുഴപ്പമല്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. ബിജെപി ടിക്കറ്റിൽ തൃശൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് താൻ അത്തരക്കാരനല്ലെന്നും ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ ഒപ്പമാണെന്നുമായിരുന്നു മേയറുടെ മറുപടി.