FeaturedHome-bannerKeralaNews

സപ്ലൈകോയിലെ 13 ഇനങ്ങളുടെ വിലവർധന ഉടൻ; നിരക്ക് നിർണയിക്കാൻ മൂന്നംഗ സമിതി

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിർണ്ണയിക്കാൻ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി., പ്ലാനിങ് ബോർഡ് അംഗം എന്നിവർ കമ്മിറ്റിയിൽ അംഗമായിരിക്കും. പതിനഞ്ചുദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

പതിമൂന്ന് അവശ്യസാധനങ്ങൾക്ക് 2016-ലെ വിലയാണ് ഇപ്പോഴുള്ളത്. ഇതിൽ എത്രത്തോളം മാറ്റം വേണം, വർധന ഏതെല്ലാം രീതിയിലായിരിക്കണം, എത്ര ശതമാനം വീതമാണ് വർധിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. 20 ശതമാനത്തിലധികം വർധനവാണ് സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യവും കമ്മിറ്റി പരിശോധിക്കും. തുടർന്ന് റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയും തീരുമാനത്തിലെത്തുകയുമാണ് ചെയ്യുക.

പിടിച്ചുനിൽക്കാൻ 250 കോടി രൂപയെങ്കിലും ഉടൻ കിട്ടിയില്ലെങ്കിൽ കച്ചവടംതന്നെ നിർത്തേണ്ടിവരുമെന്ന് സപ്ലൈകോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്ത ഏജൻസികൾക്കും കമ്പനികൾക്കുമുള്ള കുടിശ്ശിക 650 കോടിയിൽനിന്ന് 700-ലേക്ക് വർധിച്ചു. ഓണക്കാലത്തെ 350 കോടിയുടെ ബില്ലും ധനവകുപ്പിന് നൽകി. ഇതുംകൂടി ചേരുമ്പോൾ കുടിശ്ശിക 1,000 കോടി കവിയും.

ഭക്ഷ്യസംസ്കരണത്തിന് കേന്ദ്രത്തിൽനിന്നുള്ള പണംകിട്ടുമെന്നും അപ്പോൾ തുക അനുവദിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്. എന്നാൽ, 2018 മുതലുള്ള ഓഡിറ്റ് പൂർണമാക്കാതെ പണമനുവദിക്കില്ലന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചത്. ഓഡിറ്റ് നടക്കുന്നതേയുള്ളൂ.

13 ഇനങ്ങളാണ് സബ്സിഡിനിരക്കിൽ സപ്ലൈകോ വിൽക്കുന്നത്. രണ്ടിനത്തിന്റെ ടെൻഡറാണ് കഴിഞ്ഞദിവസം നടന്നത്. ബാക്കിയുള്ളതിൽ ഏജൻസികൾ വിട്ടുനിന്നു. വിലകൂട്ടാമെങ്കിൽ ടെൻഡറിൽ പങ്കെടുക്കാമെന്നാണ് ഭൂരിഭാഗം കമ്പനികളും അറിയിച്ചത്. ഓഡിറ്റ് തടസ്സം വരുമെന്നതിനാൽ സപ്ലൈകോ സമ്മതിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker