ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
മറ്റൊരു കേസില്‍ ശിക്ഷയില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ ഇന്ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപെട്ടിട്ടുണ്ട്. ഇതുവരെ ഓണ്‍ലൈനായാണ് അരുണ്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നത്. കേസിൽ പ്രതിയായ അരുൺ ആനന്ദ് നിരവധി തവണ കുട്ടിയെ മർദ്ദിച്ചു എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . സംഭവം പുറത്തുവന്ന മൂന്നു വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത് . കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്
2019 ഏപ്രിൽ 6 നാണ് കുട്ടി മരിക്കുന്നത്. മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു.
എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു . പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.
കൊണ്ടുവരാൻ 45 മിനിറ്റ്, വിദഗ്‍ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അര മണിക്കൂർ.. അങ്ങനെ ഒന്നേകാൽ മണിക്കൂർ അരുൺ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു. നേരത്തേ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി വിദഗ്‍ധ ചികിത്സ കുട്ടിയ്ക്ക് നൽകാനാകുമായിരുന്നെന്ന് ഡോക്ടർമാരും വ്യക്തമാക്കുന്നു. ഒടുവിൽ പൊലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ ഇരുവരെയും കയറ്റിവിട്ടത്.
അതേസമയം, കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പറയുന്നു. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടൽ. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു