KeralaNews

കര്‍ണാടകത്തിലെ ഈ ജില്ലയുടെ പേരുമാറ്റും, ഇനി ബെംഗളൂരു സൗത്ത്; മന്ത്രിസഭായോഗം അംഗീകാരം നൽകി

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയുടെ പേരുമാറ്റുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പാര്‍ലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബെംഗളൂരു സൗത്ത് എന്നായിരിക്കും പുതിയ ജില്ലയുടെ പേര്. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം.

രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം. നഗരത്തില്‍നിന്ന് വിട്ടാണ് ഈ താലൂക്കുകള്‍. ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങള്‍ ഇവിടേക്കും ലഭിക്കും.

നേരത്തേ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകല്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകള്‍ചേര്‍ന്നാണ് ആദ്യം ബെംഗളൂരു ജില്ല രൂപംകൊണ്ടതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1986-ല്‍ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉള്‍പ്പെടുത്തി ബെംഗളൂരു റൂറല്‍ജില്ല നിലവില്‍വന്നു. 2007-ല്‍ ഇതില്‍നിന്ന് മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകള്‍ചേര്‍ത്ത് രാമനഗര ജില്ല രൂപവത്കരിക്കുകയായിരുന്നു.

‘ഞങ്ങളുടെ വ്യക്തിത്വത്തെ വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം’ ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരു വികസനത്തിന്റെ ചുമതലയുളള മന്ത്രികൂടിയാണ് ഡി.കെ. ശിവകുമാര്‍.ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി ജെ.ഡി.എസ്. രംഗത്തെത്തിയിട്ടുണ്ട്.

ചന്നപട്ടണ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുമ്പോഴാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നീക്കം. ജെ.ഡി.എസിന് ശക്തിയുള്ള ചന്നപട്ടണ ഇത്തവണ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker