KeralaNews

‘ലോട്ടറിയടിച്ച്’ തിരുവോണം ബമ്പര്‍ വില്‍പന,കൂടുതല്‍ ഭാഗ്യാന്വേഷികള്‍ ഈ ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. തിരുവോണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി രണ്ടാഴ്ച മാത്രം പിന്നിടുമ്പോള്‍ ഇതുവരെ പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയിരിക്കുന്നത്. ഇത്തവണ റെക്കോഡ് സമ്മാനത്തുകയാണ് തിരുവോണം ബമ്പറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് ടിക്കറ്റ് വില്‍പന കുതിച്ചുയരാന്‍ കാരണം എന്നാണ് വിവരം.

ആകെ 125 കോടി 54 രക്ഷം രൂപയുടെ സമ്മാനങ്ങളാണ് തിരുവോണം ബമ്പറില്‍ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. 500 രൂപയുള്ള ടിക്കറ്റില്‍ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടന പരിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 ടിക്കറ്റിനും ലഭിക്കും.

ഇത് തന്നെയാണ് തിരുവോണം ബമ്പറിലെ പ്രധാന ആകര്‍ഷണം. തിരുവോണം ബമ്പര്‍ ടിക്കറ്റ് ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയാണ് തൊട്ടുപിന്നില്‍. ടിക്കറ്റ് പുറത്തിറക്കിയ അന്ന് തൊട്ട് ശരാശരി പ്രതിദിനം ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നുണ്ട്. ആദ്യഘട്ടത്തില്‍ തിരുവോണം ബമ്പറിന്റെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്.

2022 ലെ ഓണത്തിന് 66.5 ലക്ഷം ടിക്കറ്റാണ് വിറ്റ് പോയിരുന്നത്. ഇത്തവണ ഈ റെക്കോഡുകള്‍ ഭേദിക്കുന്ന വില്‍പ്പന നടക്കും എന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക് കൂട്ടല്‍. പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ വരെ വിപണിയിലെത്തിക്കാന്‍ ലോട്ടറി വകുപ്പിന് സാധിക്കും. കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്പറിലെ ആകെ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു. ഇക്കുറി ഇത് 534670 ആക്കി വര്‍ധിപ്പിച്ചു.

ലോട്ടറി വില്‍പ്പനക്കാരുടെ കമ്മീഷനിലും കാര്യമായ വര്‍ധനയാണ് ഉള്ളത്. സുരക്ഷയുടെ പശ്ചാത്തലത്തില്‍ വ്യാജ ടിക്കറ്റ് തടയാന്‍ തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ ഫ്‌ലൂറസന്റ് മഷിയിലാണ് അച്ചടിച്ചിട്ടുള്ളത്. മുന്‍ വര്‍ഷം അച്ചടിച്ച തിരുവോണം ബമ്പറിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. സെപ്റ്റംബര്‍ 20 ന് ആണ് തിരുവോണം ബമ്പറിന്റെ നറുക്കെടുക്ക്. ഭാഗ്യശാലികള്‍ക്ക് പണം ചെലവഴിക്കുന്നതിനായി സര്‍ക്കാര്‍ പരിശീലനവും നല്‍കും.

കഴിഞ്ഞ മാസം നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറം ജില്ലിയലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ 11 പേര്‍ക്കായിരുന്നു ലഭിച്ചത്. ഇവര്‍ ഒരുമിച്ച് വാങ്ങിയ ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker