KeralaNews

വിനോദയാത്രയ്ക്കായി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ എത്തിയത് കല്‍പ്പറ്റയിലെ ജിമ്മില്‍നിന്നുള്ള സുഹൃത്തുക്കള്‍; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ കുളിക്കാനിറങ്ങി, രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ വിനോദസഞ്ചാര സംഘത്തിലെ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

കല്‍പ്പറ്റ മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ട ജിന്‍സി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ചികിത്സയിലാണ്. കല്ലകത്തു ബീച്ചില്‍ വൈകിട്ടായിരുന്നു അപകടം. കല്‍പ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാല്‍ ആരും ഇവിടെ ഇറങ്ങാന്‍ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലില്‍ ഇറങ്ങരുതെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കൈകോര്‍ത്തു പിടിച്ചു സംഘം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെയാണ് കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോള്‍ ബീച്ചില്‍ കയറിയപ്പോള്‍ ആയിരുന്നു അപകടം. അവധിയായതിനാല്‍ ബീച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയില്‍പെടുകയായിരുന്നുവെന്നാണ് വിവരം.

ഇവരെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. വയനാട് കല്‍പ്പറ്റയിലെ ജിമ്മില്‍ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്‌സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറില്‍ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. വിനോദ യാത്രക്ക് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലില്‍ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയില്‍പ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.

26 അംഗം സംഘം രാവിലെ അകലാപ്പുഴയിലും സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെയാണ് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. കല്‍പ്പറ്റയിലെ ബോഡി ഷേപ്പ് എന്ന പേരിലുള്ള ജിമ്മിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വയനാട് കല്‍പറ്റ സ്വദേശി ഷംസുവിന്റേതാണ് ജിം. ഷംസു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker