തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടാവ് കവർന്നെടുത്തു വിഴുങ്ങിയ പാദസരം പൂർണമായി കണ്ടെടുക്കാനായില്ല. ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ഷഫീഖി(42) നെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും വിട്ടയച്ചത്.
മോഷണക്കേസിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതിയെ
തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. എക്സ്റെ പരിശോധനയിൽ പാദസരം പൂർണമായി കണ്ടെത്തിയെങ്കിലും വിസർജ്ജന സമയത്ത് പാദസരത്തിൻ്റെ കൊളുത്തു ഭാഗം മാത്രമാണ് കിട്ടിയത്.
ബാക്കി ഭാഗം കൂടി പ്രതീക്ഷിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഭാഗിക വിജയത്തോടെയുള്ള ‘ദൗത്യം’ പൂർത്തിയാക്കി തിങ്കളാഴ്ച മുഹമ്മദ് ഷെഫീഖിനെ ആശുപത്രിയിൽ നിന്നും തിരികെ ജയിലിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് തമ്പാനൂർ ബസ്സ്റ്റാൻ്റിൽ ബസ് കാത്തുനിന്ന രക്ഷിതാവിൻ്റെ ചുമലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസുകാരിയായ കുഞ്ഞിൻ്റെ കാലിൽ കടന്ന നാലര ഗ്രാം തൂക്കമുള്ള സ്വർണാഭരണം മോഷ്ടാവ് കവർന്നെടുത്തത്.
സമീപത്തുണ്ടായിരുന്നവർ സംഭവം കണ്ടുവെന്നു മനസിലാക്കിയ പ്രതി അവിടെ വച്ചുതന്നെ പാദസരം വിഴുങ്ങി. തുടർന്നാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാദസരത്തിൻ്റെ ബാക്കി ഭാഗം ആദ്യ ദിവസമോ മറ്റോ വിസർജ്യത്തിലൂടെ പുറത്തു പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.