ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാന്‍ഡ് സര്‍ക്കാരിനെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനമുണ്ടായത്.
മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോള്‍ സ്വന്തം സര്‍ക്കാരുകള്‍ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് സുധന്‍ഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘കേന്ദ്ര സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നുവെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്.
ഇതില്‍ നിന്ന് കൈ കഴുകി പോകാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മറ്റു സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാന്‍ നിങ്ങളെ അനുവദിക്കില്ല’ കോടതി പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് കോടതിയില്‍ വ്യക്തമാക്കി.
ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം നാഗാലാന്‍ഡില്‍ ബാധകമാണോ എന്നും അല്ലെങ്കില്‍ എന്തെങ്കിലും ഇളവുണ്ടോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.