
ആലുവ: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗില്‍ നിന്ന് പണം അടിച്ചുമാറ്റിയ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ആലുവയിലെ ഗ്രേഡ് എസ്ഐ യു സലീമിനെതിരെയാണ് നടപടി. ഇതര സംസ്ഥാനക്കാരന്റെ ബാഗില്‍ നിന്ന് 3000 രൂപയാണ് പൊലീസുകാരന്‍ മോഷ്ടിച്ചത്.
പൊലീസ് സേനയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ ആകെ നാണക്കേടാണ് ഗ്രേഡ് എസ് ഐ യു സലീമിന്റെ പ്രവര്‍ത്തി. ഈ മാസം 19 നാണ് ആലുവയില്‍ അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോള്‍ പൊലീസിന് സംശയം തോന്നിയിരുന്നു. പിന്നിട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് എസ്ഐ പണം കവര്‍ന്നതെന്ന് സ്ഥിരീകരിച്ചത്.
പേഴ്സില്‍ നിന്നാണ് പണം എസ്ഐ മോഷ്ടിച്ചത്. പേഴ്സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്നും 3000 രൂപയാണ് എസ്ഐ എടുത്തത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്.
പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ സഹായിച്ച ആളിന് നല്‍കാനാണ് പണമെടുത്തത് എന്നാണ് എസ് ഐയുടെ വിശദീകരണം.
പെരുമ്പാവൂര്‍ കോതമംഗലം സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന സലീം മുന്‍പും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടപടി നേരിട്ട ആളാണ്. നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങില്ലെന്നാണ് വിവരം.