ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിലുള്ള യൂണിയൻ ബാങ്ക് ശാഖയിൽ വൻ കവർച്ച. ആറ് ലോക്കറുകൾ തകർത്ത് പണവും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമാണ് കവർന്നത്. കോസംബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിം ക്രോസ് റോഡിലെ ശാഖയിലാണ് മോഷണം നടന്നത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസിൽ അറിയിച്ചത്.
ലോക്കർ റൂമിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് പോലീസ് പറഞ്ഞു.ഭിത്തിയില്‍ രണ്ടടി വ്യാസമുള്ള ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ലോക്കര്‍ റൂമില്‍ കയറിയത്..സി.ടി.വി ക്യാമറയുടെ കേബിളുകൾ മുറിക്കുകയും ബാങ്കിലെ അലാറം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിൽ സുരക്ഷാജീവനക്കാരും ഉണ്ടായിരുന്നില്ല. സമീപത്തെ റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
70 ലോക്കറുകളാണ് ബാങ്കിലുള്ളത്. അതേസമയം, ബാങ്കിലെ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. ലോക്കറുകളിലുണ്ടായിരുന്ന വസ്തുക്കളുടെ കണക്കെടുത്തുവരികയാണ്.
ലോക്കറുകൾ തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇലക്ട്രിക് കട്ടർ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. മുറിച്ചുവെച്ച ആപ്പിൾ, കക്കിരി, ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടി, ഗ്ലാസ് എന്നിവ ബാങ്കിനുള്ളിലെ സോഫയുടെ മുകളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.