‘ദരിദ്രനായി’ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, 80 ലേക്ക് ദൂരം വെറും 9 പൈസ മാത്രം
ന്യൂഡല്‍ഹി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ന് 79.90 എന്ന നിലയിലാണ് ഒരു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം. ഈ മാസം മാത്രം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഓരോ തവണയും കൂടുതൽ കൂടുതൽ തിരിച്ചടി നേരിട്ടാണ് രൂപ പോകുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. 79.64 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം 79.77 എന്ന താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
ജൂലൈ 26-27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി കൂടി വർധിച്ചത് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിക്കുന്നതിന് കാരണമായി.
2022-23 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 126.96 ബില്യൺ ഡോളറായിരുന്നു ഇറക്കുമതി മൂല്യം. 47.31 ശതമാനം വർധനയാണ് ഒരു വർഷത്തിനിടെ ഉണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8% വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51.02% ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ 79.90 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം താഴ്ന്നത് ചരിത്രത്തില്‍ ആദ്യമായാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കു കൂട്ടിയതും ട്രഷറി ബോണ്ട് വരുമാനം കൂട്ടിയതും കാരണമാണ് ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. ലോകത്തെ വന്‍ശക്തികളുടെ മുന്‍നിരയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഈ കറന്‍സി മൂല്യശോഷണം ക്ഷീണമുണ്ടാക്കുമെന്നതില്‍ സംശയമില്ല.
ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 1950 ല്‍ 4.76 മാത്രമായിരുന്നു. 2000ത്തില്‍ അത് 44.94 രൂപയായി മാറി. 2021ല്‍ 74.57 രൂപയും 2022 മേയ് മാസത്തില്‍ 77 കടന്നു. 1990 കളിലെ സാമ്പത്തിക പ്രതിസന്ധിയും 1992 ലെ കറന്‍സി ഡിവാല്യുവേഷനും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിച്ച സംഭവങ്ങളായിരുന്നു.
ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പലപ്പോഴും ഓയില്‍ വിലകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഓയില്‍വില ഉയരുമ്പോള്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നു. അതുപോലെ വില കുറയുമ്പോള്‍ തിരിച്ചും സംഭവിക്കാം. മറ്റൊരു ഘടകം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോഴും മൂല്യം കുറയാം. വിലക്കയറ്റം, കോവിഡ് 19 ന്റെ ആഘാതം, ഗവണ്‍മെന്റ് കടത്തിലുള്ള വര്‍ധന എല്ലാം മൂല്യം കുറയാന്‍ കാരണമാകും. ശ്രീലങ്കയുടെ ഉദാഹരണം തന്നെ അമിതമായ കടവും വിദേശനാണ്യശേഖരത്തിലെ കുറവും ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യ ഇടിക്കുക മാത്രമല്ല, സമ്പദ്വ്യവസ്ഥതന്നെ താറുമാറായി.
കറന്‍സിമൂല്യം ഇടിയുമ്പോഴുള്ള ദോഷം എന്താണ്?
- ഇറക്കുമതിച്ചെലവ് കൂടും.
- വിദേശയാത്രകള്‍ ചെലവേറും.
- വിദ്യാര്‍ഥികളുടെ വിദേശപഠന ചെലവേറും.
- വിദേശ വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ കൂടുതല്‍ പണം കണ്ടെത്തണം.
- സമ്പദ്യവ്യവസ്ഥയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടും.
നേട്ടങ്ങള്‍ ആര്‍ക്കൊക്കെ?
- കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ഐടി കമ്പനികള്‍ക്കും ഇതൊരു അവസരമായി മാറാം.
- പ്രവാസികള്‍ക്കും നാട്ടിലേക്കു പണം അയയ്ക്കുന്നവര്‍ക്കും ഈ വര്‍ധന അനുഗ്രഹമാകും.
- ഇന്ത്യയ്ക്ക് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതൊരു അവസരമാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 1965 കാലഘട്ടം വരെ കാര്യമായ ഇടിവു നേരിട്ടിരുന്നില്ല. പിന്നീടു കാണുന്നത് മൂല്യം ക്രമമായി ഇടിയുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യാപാരക്കമ്മി 976കോടി ഡോളറില്‍നിന്ന് 1411കോടി ഡോളറിലേക്ക് ഉയര്‍ന്നു. അതുപോലെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇറക്കുമതി 52.9 % ഉയര്‍ന്ന് 4812 കോടി ഡോളറായി വര്‍ധിച്ചു. ഇവയെല്ലാം ഭാഗികമായിത്തന്നെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യശോഷണത്തിനു കാരണമായി.