തിരുവനന്തപുരം: മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുന്‍കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം.
സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.
‘വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രീതിയില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യമില്ല. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നു. അതിന് മാധ്യമങ്ങളെ കൂട്ട്പിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
2006 മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്.
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നല്‍കിയിരുന്നു. മറ്റു പല സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അധികസഹായം വേണമെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോര്‍ട്ട് (പി.ഡി.എന്‍.എ.) നല്‍കാന്‍ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്.
എന്നാല്‍, ഇത് വിചിത്രവാദമാണെന്നും ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മാതൃകയില്‍ കേരളത്തിനും അധികസഹായം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജനും ചൂണ്ടിക്കാട്ടി.