കൊച്ചി: അടുത്ത മാർച്ചോടെ സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്താനൊരുങ്ങി റെയിൽവേ. വേഗത വർധിപ്പിക്കുന്നതിനായി റെയിൽപ്പാതയിലെ വളവുകൾ നിവർത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഷൊർണൂർ – മംഗളൂരു പാതയിലെ വളവുകൾ നിവർത്തൽ 15 മാസത്തിനുള്ളിൽ (2025 മാർച്ചിൽ) പൂർത്തിയാകും.
ലിഡാർ സർവേയുടെ റിപ്പോർട്ട് റെയിൽവേയ്ക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി റെയിൽവേയുടെ ഉന്നതതല യോഗം ഈ ആഴ്ച ചേരുന്നുണ്ട്. കുറ്റിപ്പുറത്ത് തുരങ്കപാത നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈകാതെ തന്നെ തീരുമാനമുണ്ടായേക്കും.
റെയിൽപ്പാതയിലെ വളവുകൾ നിവർത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസി മുഖേന ലിഡാർ സർവേ നടത്തിയിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു ലിഡാർ സർവേ. ഈ റിപ്പോർട്ട് റെയിൽവേയ്ക്ക് ഉടൻ തന്നെ സമർപ്പിക്കും. ഷൊർണൂർ – മംഗളൂരു 306.57 കിലോമീറ്റർ പാതയിൽ 288 വളവുകളാണ് നിവർത്തേണ്ടത്.
പാത നേരെയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായാൽ 130 കി.മീ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയും. ഘട്ടംഘട്ടമായി ട്രെയിനിന്‍റെ വേഗത 160 കിലോമീറ്ററാക്കി ഉയർത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം.
ലിഡാർ സർവേ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് റെയിൽവേ കടക്കും. നാല് റീച്ചുകളായാണ് ഷൊർണൂർ – മംഗളൂരു പാതയിൽ ജോലികൾ നടക്കുന്നത്. റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ഭൂമിയുടെ കൃത്യതയാർന്ന വിവരം സർവേയിലൂടെ ലഭ്യമാകും. ട്രാക്കിന് സമീപത്തെ കെട്ടിടങ്ങൾ, മരങ്ങൾ, റോഡുകൾ, സംരക്ഷിത മേഖലകൾ തുടങ്ങിയവയെല്ലാം കൃത്യമായി നിർണയിക്കുന്ന സർവെയാണ് പൂർത്തിയായിരിക്കുന്നത്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം തുരങ്കപാത നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘റ’ ആകൃതിയിലുള്ള ഈ വളവ് മംഗളൂരു – ഷൊർണൂർ പാതയിലെ ഏറ്റവും വലിയ വളവാണ്. വളവ് നികത്തേണ്ട ഭാഗത്ത് ജനവാസ മേഖലയും കുന്നുമാണ് എന്നതാണ് തുരങ്കപാതയുടെ സാധ്യത പരിശോധിക്കുന്നത്.