ചോദ്യപേപ്പർ ചോർന്നു ; ഒടുവിൽ സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി ; കർശന നടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയുമാണ് ചോദ്യപേപ്പർ ചോർന്നിരിക്കുന്നത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യസ വകുപ്പ് . നേരത്തെയും പരാതികൾ ഉന്നയിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണം.
പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യം പേപ്പർ ചോർന്നത്. നാളെ ഉറപ്പായും വരുന്ന ചോദ്യങ്ങൾ എന്ന് പറഞ്ഞ്, യൂട്യൂബ് ചാനലിലൂടെ പേപ്പർ പുറത്ത് വിടുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഗണിത പരീക്ഷ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ പേപ്പറിന്റെ മാതൃക യൂട്യൂബ് ചാനൽ പുറത്തുവിട്ടത്. ഇതോടെ അദ്ധ്യാപകരുടെ ഫോണിലേക്ക് കുട്ടികൾ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയുന്നതിനായി വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തു. നിരവധി ഫോൺ കോളുകൾ വന്നതോടെയാണ് സംശയം തോന്നിയത്.
ചോദ്യപേപ്പർ തയ്യാറാക്കുന്ന അദ്ധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അദ്ധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത് .
സ്വകാര്യ ട്യൂഷൻ പരിശീലനകേന്ദ്രങ്ങളിൽ വൻതുകക്ക് ക്ലാസെടുക്കുന്ന സർക്കാർ അദ്ധ്യാപകരെ നേരത്തെയും വിദ്യാഭ്യാസവകുപ്പ് സ്‌ക്വാഡിൻറെയും വിജിലൻസിൻറെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കണ്ടെത്തിയാലും ആറുമാസത്തെ സസ്‌പെൻഷന് ശേഷം അതിവേഗം എല്ലാവരെയും തിരിച്ചടുക്കുന്നതാണ് രീതി.
ഇതിന് മുൻപ് ഓണപരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഈ പരാതിയിൽ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല . ചോർച്ചയെ കുറിച്ച് എംഎസ് സൊല്യൂഷൻസ് അടക്കമുള്ള സ്ഥാപനങ്ങളോട് ചോദിച്ചെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല. സ്ഥാപനത്തിൻറെ കീഴിലെ അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന സാമ്യം മാത്രമാണെന്ന് വീഡിയോയിൽ വിശദീകരണം നൽകിയത്.