ജഡ്‍ജി പീഡിപ്പിച്ചത് ആറ് യുവാക്കളെ, 3 പേർ വിദ്യാർത്ഥികൾ, കുറ്റക്കാരനെന്ന് തെളിഞ്ഞു, ഇനി ശിക്ഷ
അയര്‍ലാന്‍ഡ്:ഡബ്ലിനിൽ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞു. 59 -കാരനായ ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. മുപ്പതാം വയസിൽ നടത്തിയ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് വിധിച്ചിരിക്കുന്നത്. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയാണ് ജെറാർഡ്. ഫോകോമെലിയ ബാധിതനായ ഇയാൾക്ക് രണ്ട് കൈകളും ഒരു കാലുമില്ല.
സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് ഇയാൾ ആറ് പേരെ ലൈംഗികമായി ചൂഷണം ചെയ്തത്. 17 നും 24 നും ഇടയിൽ പ്രായമുള്ളവരെയാണ് ഇയാൾ പീഡിപ്പിച്ചത്. 1991 മാർച്ച് – 1997 നവംബറിനും ഇടയിലാണ് ഈ യുവാക്കൾ ജഡ്ജിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. ഒമ്പത് കേസുകളാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്.
ആറ് യുവാക്കളിൽ അഞ്ചുപേരെ ഉറക്കത്തിലും ഒരാളെ ടോയ്‍ലെറ്റിലും വച്ച് പീഡിപ്പിച്ചതായിട്ടാണ് പരാതി. മദ്യവും മറ്റും നൽകിയാണ് ഇയാൾ യുവാക്കളെ ലൈംഗികമായി ചൂഷണം ചെയ്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ പീഡിപ്പിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളും മറ്റ് മൂന്നുപേർ നാട്ടുകാരും ആയിരുന്നത്രെ.
ഒരു വിദ്യാർത്ഥിയെ പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, ഭയന്ന കുട്ടി ഉടനെ തന്നെ അവിടെനിന്നും ഓടിപ്പോവുകയായിരുന്നു. ശേഷം അവൻ തന്റെ അമ്മയോട് ഈ വിവരം പറയുകയും ചെയ്തു. പിന്നാലെ, പ്രിൻസിപ്പലിനും പരാതി നൽകി.
സ്കൂൾ മ്യൂസിക്കൽ ക്ലാസിന്റെ ഇടയിൽ പരിചയപ്പെട്ട ഒരു ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയും ഇയാളുടെ അതിക്രമത്തിനിരയായവരിൽ പെടുന്നു. ഒരു പബ്ബിൽ വച്ചാണത്രെ ജെറാർഡ് ഈ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ആദ്യം ജെറാർഡ് താനീ കുറ്റങ്ങളൊന്നും ചെയ്തില്ല എന്ന് പറയുകയും എല്ലാം നിഷേധിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇയാൾ അത് മാറ്റിപ്പറയുകയും സമ്മതപ്രകാരം നടന്ന ലൈംഗികബന്ധമായിരുന്നു അതെല്ലാം എന്ന് മൊഴി നൽകുകയും ചെയ്തു.
സെൻട്രൽ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു. പത്തുപേരടങ്ങുന്ന ജൂറി ഏഴരമണിക്കൂർ സമയമെടുത്ത് നടത്തിയ വിചാരണയിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. മാർച്ച് നാലിനാണ് ഇയാൾക്ക് ശിക്ഷ വിധിക്കുക.