കല്യാണത്തിന് മുമ്പ് ഹണിമൂണ്‍ കഴിഞ്ഞു! വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിയാ കൃഷ്ണ
തിരുവനന്തപുരം:എല്ലാവർക്കും യൂട്യൂബ് ചാനലുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുകൃഷ്ണയും മക്കളായ അഹാന, ദിവ്യ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. താൻ വിവാഹിതയാകാൻ പോകുകയാണെന്ന് അടുത്തിടെ ദിയ വെളിപ്പെടുത്തിയിരുന്നു.
കാമുകനായ അശ്വിനെയാണ് ദിയ വിവാഹം കഴിക്കുന്നത്. അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ മുമ്പ് വൈറലായിരുന്നു. സുഹൃത്തുക്കൾ കണ്ണുകെട്ടി പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിലേക്ക് ദിയയെ കൊണ്ടുപോകുന്നു. വിൽ യു മാരി മീ എന്നെഴുതിയ ബോർഡിന് താഴെ ഹൃദയത്തിന്റെ ആകൃതിയിൽ പൂക്കൾ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് മോതിരവുമായി എത്തിയ അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുകയായിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ഗോവ ട്രിപ്പിന്റെയൊക്കെ വീഡിയോ നേരത്തെ ദിയ യൂട്യൂബിൽ പങ്കുവച്ചിരുന്നു. സെപ്തംബറിലാണ് അശ്വിന്റെയും ദിയയുടെയും വിവാഹം. അശ്വിനും കുടുംബവും ഒഫിഷ്യലി പെണ്ണുകാണാൻ വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ ഇപ്പോൾ. പതിനഞ്ച് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് പെണ്ണുകാണൽ ചടങ്ങ് കണ്ടത്.
തീയതിയും കാര്യങ്ങളുമെല്ലാം ഫോണിലൂടെ തീരുമാനിച്ചിട്ടുണ്ടെന്നും വിവാഹ വേദിയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയാണ് അവർ വരുന്നതെന്ന് ദിയ പറയുന്നു. അശ്വിൻ മുമ്പ് വീട്ടിൽ വന്നിട്ടുണ്ട്. എന്നാൽ കുടുംബം ആദ്യമായിട്ടാണ് വരുന്നത്. വൈറ്റ് കുർത്തയായിരുന്നു ദിയയുടെ വേഷം.
പെണ്ണുകാണൽ ചടങ്ങ് നടക്കുമ്പോൾ കൃഷ്ണകുമാറും ഭാര്യയും ഇഷാനിയും ഹൻസികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഹാന ചെന്നൈയിലാണെന്നു ദിയ വീഡിയോയിൽ പറയുന്നുണ്ട്. ‘എൻഗേജ്‌മെന്റ് ആണോ വരാൻ പോകുന്നതെന്ന് നിരവധി പേർ ചോദിക്കുന്നുണ്ട്. ബോളിവുഡിൽ പോലും എൻഗേജ്‌മെന്റ് ഫംഗ്ഷനായി വയ്ക്കാതെ, ആണു പെണ്ണും ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പ്രപ്പോസ് ചെയ്യും. അവൾ യെസ് പറഞ്ഞാൽ അതൊരു എൻഗേജ്‌മെന്റ് സംഭവം തന്നെയാണ്.
എനിക്ക് ഈ റിംഗ് അശ്വിൻ തന്നതാണ്. ഞാൻ യെസ് പറഞ്ഞ ദിനം ഒരു എൻഗേജ്‌മെന്റായിട്ട് തന്നെയാണ് നമ്മളും ഫാമിലിയും കണ്ടത്. ഇനിയൊരു ഫോർമാലിറ്റിക്ക് എൻഗേജ്‌മെന്റ് നടത്തി അനാവശ്യ ചെലവാക്കില്ല. അങ്ങനത്തെ ആചാരങ്ങളിലൊന്നും വലുതായി വിശ്വസിക്കുന്ന ആളല്ല ഞാൻ. ഡയറക്ട് വെഡ്ഡിംഗ് തന്നെയാണ്,’- ദിയ പറഞ്ഞു.
‘കല്യാണത്തിന് മുമ്പേ ഹണിമൂൺ കഴിഞ്ഞെന്ന് വേറെ ചിലർ പറയുന്നുണ്ട്. ഇന്നത്തെ കാലത്ത് മലയാളം സിനിമയെടുത്താൽ അതിന്റെയകത്ത് പോലും ലിവിംഗ് ടുഗദർ കോൺസെപ്റ്റ് കാണിക്കുന്നുണ്ട്. ഞാനും അശ്വിനും ലിവിംഗ് ടുഗദർ അല്ല. ലിവിംഗ് ടുഗദർ കോൺസപ്റ്റിന് പോലും ഏതൊരു നടൻ അഭിനയിച്ചാലും കൈയടിച്ച് പാസാക്കുന്ന മലയാളികളാണ് വന്ന് കമന്റിടുന്നത്. നിങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
ഒരാണും പെണ്ണും അങ്ങോട്ടുമിങ്ങോട്ട് കണ്ട് ഇഷ്ടപ്പെട്ട് പരസ്പരം അറിയാൻ വേണ്ടിയാണ്… ഇതിനെയാണ് ഡേറ്റിംഗ് എന്ന് വിളിക്കുന്നത്. പരസ്പരം നമ്മൾ അങ്ങോട്ടുമിങ്ങോട്ടും അറിയുന്നു. കല്യാണം കഴിഞ്ഞ് ജീവിച്ചുതുടങ്ങുമ്പോൾ അവരെങ്ങനെയാണെന്ന് നമ്മൾ അറിയണമല്ലോ. അയാളെപ്പറ്റി ഒന്നും അറിയാതെ ഞാൻ എങ്ങനെ അയാളുടെ കൂടെപ്പോകും. അയാം വെരി സോറി വളരെ മോശം ചിന്താഗതിയാണ് നിങ്ങളുടേതൊക്കെ. പഴയ ചിന്താഗതി. അതിലൊന്നും എനിക്ക് യോജിപ്പില്ല. നിങ്ങളുടെ നെഗറ്റീവ് കണ്ട് എനിക്കൊന്നും തോന്നാനും പോകില്ല. ഇതൊന്നും കണ്ടാൽ എന്റെ രോമം പോലും അനങ്ങില്ല. നല്ല തൊലിക്കട്ടിയാണ് കേട്ടോ,’- ദിയ പറഞ്ഞു.
തമിഴ് ആചാരപ്രകാരമായിരുന്നു പെണ്ണുകാണൽ. പഴങ്ങളുമൊക്കെ ആയിട്ടാണ് അശ്വിൻ എത്തിയത്. വീട്ടിലെത്തിയ ഉടൻ താംബൂലത്തിൽ മുല്ലപ്പൂവും പഴങ്ങളുമൊക്കെ വയ്ക്കുകയാണ് അശ്വന്റെ അമ്മ ചെയ്തത്.