തിരുവനന്തപുരം: അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണർ കത്ത് നൽകി.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അർധ ഔദ്യോഗിക കത്ത് അയച്ചത്.
കത്തിൽ ഇതുവരെയും സംസ്ഥാന പൊലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാര്‍ട്ടേഴ്സിൽ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്ത് വിജിലൻസ് ഉദ്യോഗസ്‌ഥർ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ ക്വാർട്ടേഴ്‌സ് റെയ്ഡ് ചെയ്തു. ഹരിയാനയിൽ കൈത്തലിലെ സന്ദീപ് നെയിന്‍റെ കുടുംബ വീട്ടിലും പരിശോധന നടത്തി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥന്‍റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലൻസ് വ്യക്തമാക്കി.