ഷഹബാസിന്‍റെ മരണം; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കും, ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, ഷഹബാസിന്‍റെ മരണത്തിൽ എളേറ്റിൽ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായിൽ പ്രതികരിച്ചു.
ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്നും ഈ മാസം 13ന് സ്കൂളിൽ നടന്ന സെന്‍് ഓഫിൽ വിദ്യാർത്ഥികൾ യൂണിഫോമിലാണ് പങ്കെടുത്തത്. സെന്‍റ് ഓഫിന് ശേഷം വിദ്യാർത്ഥികളെ സ്കൂൾ ബസ്സിൽ തന്നെ വീട്ടിലെത്തിച്ചു.കുട്ടികൾ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയിരുന്നു.കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ തമ്മിൽ ഇതിനു മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊബൈൽ ഫോണുകൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വരാറില്ലെന്നും മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
അതേസമയം, ഷഹബാസിന്‍റെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി.കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കുകയു ചെയ്തു. താമരശ്ശേരി പൊലീസാണ് നിർദേശം നൽകിയത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷതക്കൾക്കൊപ്പം വിട്ടത്. ഷഹബാസിന്‍റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചെന്നാണെന്നു പൊലീസ് പറയുന്നു.
വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.ട്യൂഷൻ സെന്‍ററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.