മുംബൈ: 'ചുവപ്പ് ഭരണഘടന'യുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ചുവന്ന പുറംചട്ടയുള്ള ഭരണഘടന വിതരണം ചെയ്തതിലൂടെ അര്‍ബന്‍ നക്‌സലുകളോടും അരാജകവാദികളോടുമുള്ള രാഹുല്‍ ഗാന്ധിയുടെ ചായ്‌വാണ് പുറത്തുവന്നത് എന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അംബേദികറിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ജാതി സെന്‍സസിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നത് നക്സലിസം ആണെന്നാണ് മഹാരാഷ്ട്രയുടെ മുന്‍ ബിജെപി മുഖ്യമന്ത്രി പറയുന്നത്. ബിജെപി നേതാക്കളുടെ ഇത്തരം ചിന്തകള്‍ ഭരണഘടനയുടെ മുഖ്യശില്‍പിയും മഹാരാഷ്ട്രയുടെ പ്രിയപുത്രനുമായ ഡോ. ഭീംറാവു അംബേദ്കറിനെ അപമാനിക്കുന്നതിന് തുല്യമാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് വോട്ട് ചെയ്ത് മഹാ വികാസ് അഗാഡിയെ വിജയിപ്പിച്ചത്. അംബേദ്കറിനെയും ഭരണഘടനയേയും ഇത്തരത്തില്‍ ബിജെപി അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല', രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഭരണഘടനാ സംരക്ഷണത്തിലൂന്നി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിതരണം ചെയ്ത ഭരണഘടനയില്‍ വെള്ളപേപ്പര്‍ മാത്രമാണുള്ളത് എന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.