താരങ്ങളുടെ മക്കൾക്ക് ആ മര്യാദയുണ്ട്, ഇന്നലെ വന്നവർക്കാണ് പ്രശ്നം; തുറന്നടിച്ച് പൊന്നമ്മ ബാബു
കൊച്ചി:കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൊന്നമ്മ ബാബു. മിക്ക സിനിമകളിലം കോമഡി വേഷം തന്നെയാണ് പൊന്നമ്മ ബാബു ചെയ്തിരിക്കുന്നത്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല പാെന്നമ്മ ബാബു.
സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന യുവ തലമുറയെ പറ്റി പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യുവതലമുറയിലെ പലർക്കും മുതിർന്നവരോട് ബഹുമാനക്കുറവുണ്ടെന്ന് പൊന്നമ്മ ബാബു പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഇന്ന് പിള്ളേർക്ക് എല്ലാമുണ്ട്., ബുദ്ധിമുട്ട് അറിയിരുന്നില്ല അവരാരും. നമ്മളൊക്കെ ബുദ്ധിമുട്ട് എന്താണെന്നും മൂല്യമെന്താണെന്നും കൃത്യമായി അറിയുന്ന ആൾക്കാരല്ലേ. മോഹൻലാലും മമ്മൂട്ടിയും ജയറാമും ദിലീപുമെല്ലാം ഒത്തിരി കഷ്ടപ്പാടിലൂടെ വന്നവരാണ്’
‘അവർ ചെയ്യാത്ത വേഷങ്ങളില്ല. എന്ത് കാര്യമായിട്ടാണ് അവർ സോഷ്യൽ മീഡിയയൊക്കെ നോക്കുന്നത്. ഇന്ന് വന്ന പിള്ളേരൊക്കെ എങ്ങനെയിരുന്നാണ് സോഷ്യൽ മീഡിയയിലൊക്കെ സംസാരിക്കുന്നത്’
‘അതൊക്കെ ഞാൻ കാണാറുണ്ട്. അവർ ബുദ്ധിമുട്ടി വരാത്തതിന്റെ കുഴപ്പമാണെന്ന് തോന്നുന്നു. ബുദ്ധിമുട്ടില്ലാതെ ഒരു സാധനം കിട്ടുമ്പോൾ അതിനൊരും മൂല്യമില്ല. ബുദ്ധിമുട്ടി ഒരു സാധനം കിട്ടുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞേ നമ്മൾ നിൽക്കുള്ളൂ. അത് കൊണ്ടാണോ എന്ന് ഞാൻ ആലോചിക്കാറുണ്ട്’
‘അഭിനയം ഇന്നൊരുപാട് മാറി. റിയലിസ്റ്റിക്കായി. അതൊക്കെ നല്ലതാണ്. ഞാൻ സിനിമയെ അന്വേഷിച്ച് പോയ ആളല്ല. സിനിമ എന്നെ തേടി വന്നതാണ്. ഞാനങ്ങോട്ട് ചെന്ന് ചോദിച്ചിട്ടില്ല. ഞാനൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ ക്യാമറയുടെ ശബ്ദം കേൾക്കാം. അഭിനയിച്ച് ഒറ്റ ടേക്കിൽ ശരിയാല്ലെങ്കിൽ പിന്നെ വിളിക്കില്ല’
‘ഇന്ന് നൂറ് പ്രാവശ്യം തെറ്റിക്കാം. ക്യാമറയുടെ ശബ്ദമില്ല. അന്നതല്ല കൂടെ നിൽക്കുന്നത് ജഗതി ശ്രീകുമാർ, ദിലീപ്, ജയറാം, സുരേഷേട്ടൻ, ചാക്കോച്ചൻ തുടങ്ങിയവരാണ്. നമ്മൾ ഡയലോഗ് തെറ്റിച്ചാൽ അവരെ വിളിക്കേണ്ട അവരൊരുപാട് ഫിലിം തിന്നുമെന്ന് പറയും, പൊന്നമ്മ ബാബു പറഞ്ഞതിങ്ങനെ.
‘മമ്മൂക്ക വന്നാൽ പോവും ചില ആൾക്കാർ കാലിൻ മേൽ കാൽ കയറ്റി വെച്ചിരിക്കും. ഒരു ബഹുമാനക്കുറവ് ആര് വന്നാലുമുണ്ട്. പ്രായത്തെ മൂത്ത ആരെ കണ്ടാലും എഴുന്നേൽക്കണമെന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത്. എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്. അത് തന്നെയാണ് ഞാനെന്റെ മക്കൾക്കും കൊടുത്തിരിക്കുന്നത്’
‘ബഹുമാനമൊന്നും ചോദിച്ച് മേടിക്കേണ്ടതല്ല. ഇങ്ങോട്ട് തരാത്തപ്പോൾ അങ്ങോട്ട് പറയും. ആർട്ടിസ്റ്റിന്റെ മക്കൾക്കൊക്കെ പിന്നെയുമുണ്ട് ആ മര്യാദ. ദുൽഖറിനും പൃഥിക്കുമൊക്കെ. കാരണം അവർ ആർട്ടിസ്റ്റിന്റെ മക്കളാണ്. അവരുടെ അമ്മയോ അച്ഛനോ ചെയ്തതൊക്കെ അറിയാം. അതിന്റെ ഗുണവും അവർക്കുണ്ട്’
‘മറ്റവർക്ക് എങ്ങനെയോ വന്നു. പെട്ടന്ന് ഒരു പടം ഹിറ്റായി അപ്പോഴേക്കും താരമായി. ഞാനെന്ന ഭാവം മാറ്റിയാൽ മാത്രം മതി. നമ്മൾ വളരുന്തോറും എളിമപ്പെടുക. പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കണം, സ്ത്രീകളായാലും പുരുഷനായാലും’
‘എംടി സാറൊക്കെ സെറ്റിലുണ്ടെങ്കിൽ ഇല വീഴുന്ന ശബ്ദം പോലും സെറ്റിൽ കേൾക്കില്ല. ഞാനൊക്കെ വായിൽ തുണി വെച്ചാണ് ചിരിക്കുക. ഇന്നത്തെ പിള്ളേരൊക്കെ ഓപ്പണായിരുന്നങ്ങ് ചിരിക്കുകയല്ലേ. മമ്മൂക്കയായാലും വലിയ ആൾക്കാരായാലും അവരെ ബഹുമാനിക്കാതെ ചിരിക്കുകയാണ്. ഒരു ഒതുക്കവും ഇല്ല,’ പൊന്നമ്മ ബാബു പറഞ്ഞു.