പത്തുനാൾ നീണ്ട രക്ഷാദൗത്യം; വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകാൻ സർക്കാർ
കൽപ്പറ്റ: പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം, താൽക്കാലികമായി നിർമ്മിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
അതേസമയം, ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.
കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.