തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെടിവച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പിടുയിലായത്. തുമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പെൺകുട്ടി സഹോദരനൊപ്പം സ്‌കൂളിൽ പോകുന്നതിനിടെ പ്രതി, ഇവരെ സ്‌കൂളിൽ കൊണ്ട് വിടാമെന്ന് വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റി. തുടർന്ന് സ്‌കൂളിലേക്ക് പോകുന്നതിനിടെ കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞ് സഹോദരനെ വഴിയിൽ ഇറക്കി. മിഠായി വാങ്ങിയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ജനുവരി 24നായിരുന്നു ഇത് നടന്നത്.
29ന് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി,താൻ ലൈംഗികാതിക്രമത്തിന് ഇരയായത് വെളിപ്പെടുത്തുന്നത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്‌സോ കേസുകളിൽ സദ്ദാം ഹുസൈൻ പ്രതിയാണ്.