
കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 41-കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. കുറ്റിപ്പുറം സ്വദേശിനിയായ യുവതിയുടെ സ്രവപരിശോധനയിലാണ് നിപയല്ലെന്ന് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
നിപ സംശയങ്ങളെ തുടര്‍ന്ന് ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കടുത്ത തലവേദനയെത്തുടര്‍ന്ന് മാര്‍ച്ച് 31-നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ അണുബാധയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനകള്‍ക്കിടയിലാണ് നിപ രോഗത്തിന്റെകൂടി പ്രാഥമിക പരിശോധന നടന്നത്. ഇതിനുശേഷമാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.