KeralaNews

കേരളത്തെ പരിഹസിച്ച് തെലുങ്കാനമന്ത്രി,വിമാനത്തില്‍ കയറിയിട്ടേ പറയാവൂ, അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നില്‍ സമരം ഇരിക്കും:വീഡിയോ

ഹൈദരാബാദ്: കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ച് 3500 കോടിയുടെ നിക്ഷേപം പിന്‍വലിച്ച് സംസ്ഥാനം വിട്ട കിറ്റെക്സ് തെലങ്കാനയില്‍ 2400 കോടിയുടെ വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെടി രാമറാവു ഒരു ചടങ്ങില്‍ കേരളത്തെക്കുറിച്ചും സര്‍ക്കാരിനെ കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

‘ഞാന്‍ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരില്‍ വന്നുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. കോവിഡ് ആയതിനാല്‍ തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. എന്നാല്‍ അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീര്‍ച്ചയായുമെന്ന് ഞാനും പറഞ്ഞു. എങ്കില്‍ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീര്‍ച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തില്‍ കയറിയ ശേഷം മതി. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നില്‍വന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാന്‍ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തില്‍ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി’ രാമറാവു പറഞ്ഞു.

വ്യവസായ മന്ത്രി കെടിരാമറാവുവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറില്‍ കിറ്റെക്‌സ് ഒപ്പുവെച്ചു. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതിനായി സര്‍ക്കാര്‍ കിറ്റെക്സിന് വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങുന്നതെന്ന് സബ് ജേക്കബ് നേരത്തെ പറഞ്ഞിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button