Featuredhome bannerHome-bannerKeralaNews

പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും:കൗമാരക്കാരെ ഒന്നിച്ചിരുത്തരുതെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണി പറഞ്ഞത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം. ‘വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ.

എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,’ എന്നും പ്രസംഗത്തിൽ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്കാരം കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്ന് പറഞ്ഞ് പിന്നീട് രണ്ടത്താണി തന്റെ പ്രസംഗത്തെ ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും  ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker