ഈ കാറുകള്‍ വാങ്ങിയാല്‍ ആറു മാസത്തേക്ക് ഇന്ധനം അടിയ്ക്കുന്നതോര്‍ത്ത് ടെന്‍ഷന്‍ അടിയ്‌ക്കേണ്ട;കിടുക്കന്‍ ഓഫറുമായി ടാറ്റ
മുംബൈ:ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ ഇവി,കർവ്വ് ഇവി എന്നീ രണ്ട് മോഡലുകൾ വാങ്ങുന്നവർക്കായാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നും സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകുമെന്നാണ് പ്രഖ്യാപനം.
ഈ സ്‌കീം സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. അതായത് ഫ്‌ലീറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ല. നെക്‌സോൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ ഇവികൾ ടാറ്റ പവർ ഇസെഡ് ചാർജ്ജ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം സൗജന്യ ചാർജിംഗ് സേവനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.
ആപ്പിൽ രജിസ്റ്റർ ചെയ്ത ഇവി, ഒരു ഡീലർഷിപ്പിൽ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‌കീം ആദ്യ ഉടമകൾക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, വാങ്ങുന്ന തീയതി മുതൽ ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കിൽ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ട്. അതായത് ഈ ഓഫർ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കിൽ എസ്യുവി വാങ്ങിയ തീയതി മുതൽ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളിൽ നിന്ന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കിത്തുടങ്ങും.
വളരെക്കാലമായി കമ്പനിയുടെ ഏറ്റവും മികച്ച വിൽപനയുള്ള കാറുകളിലൊന്നാണ് ടാറ്റ നെക്സോൺ ഇ വി. നെക്‌സോൺ ഇ വി ഫേസ്‌ലിഫ്റ്റ് പതിപ്പും വിപണിയിൽ ഇപ്പോൾ ല്യമാണ്. 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.പുതിയ എസ്യുവിയുടെ ഡ്രൈവ് ശ്രേണി വേരിയന്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. എൻട്രി ലെവലിൽ അതായത് എംആർ വേരിയന്റിൽ 325 കിലോമീറ്റർ റേഞ്ച് ലഭിക്കും.
LR വേരിയന്റിൽ ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഈ ശ്രേണി ARAI സാക്ഷ്യപ്പെടുത്തിയതാണ്. എംആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 4.3 മണിക്കൂറിലും എൽആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 6 മണിക്കൂറിലും പൂർണമായി ചാർജ് ചെയ്യപ്പെടും. ഇതിൽ V2V, V2L ചാർജിങ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സോൺ ഇ വി ഉപയോഗിച്ച് മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളോ മറ്റൊരു ഇ വിയോ ചാർജ് ചെയ്യാം.
രണ്ട് വ്യത്യസ്ത ബാറ്ററികളുള്ള അഞ്ച് വേരിയന്റുകളിൽ വരുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ മോഡലിന്17.49 ലക്ഷം രൂപയും മുൻനിര മോഡലിന് 21.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറൂം വില. ഇന്ത്യയിലെ ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാറാണ് കർവ്വ് ഇവി. ഇത് അഞ്ച് ട്രിം തലങ്ങളിൽ ലഭ്യമാണ്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേർഡ്+, എംപവേർഡ്+ എ എന്നിവയാണ് ഈ ട്രിമ്മുകൾ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ കർവ് ഇവി ലഭ്യമാണ്.
45kWh യൂണിറ്റിന് ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ് വേരിയന്റുകളുമുണ്ട്. കൂടാതെ എംഐഡിസി സാക്ഷ്യപ്പെടുത്തിയ 502 കിലോമീറ്റർ റേഞ്ചുമുണ്ട്. അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേർഡ്+, എംപവേർഡ്+ എ എന്നീ വേരിയന്റുകളിൽ ലഭ്യമായ വലിയ 55kWh യൂണിറ്റിന് 585 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു.