കൊച്ചി: സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്കിയതോടെ പ്രതിസന്ധിയിലായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെയാണ് സ്വിഗ്ഗി തൊഴിലാളികളുടെ അനിശ്ചിതകാല പണി മുടക്ക്.
മിനിമം വേതനം അനുവദിക്കുക, ഡെയിലി, വീക്കിലി ഇന്‍സെന്റീവുകളും ബോണസുകളും അനുവദിക്കുക, തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കുക, കിലോമീറ്റര്‍ ചാര്‍ജ്ജ് മാന്യമായ രീതിയില്‍ അനുവദിച്ച് നല്‍കുക, ജില്ലാ തലത്തില്‍ സ്വിഗ്ഗി ഓഫീസ് അനുവദിക്കുക തുടങ്ങി 13 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണി മുടക്കുന്നത്.
ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും വര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഒരുമാസം മുമ്പ് തന്നെ സമരത്തിലേക്ക് പോകുന്ന കാര്യം കമ്പനിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ സമരം പൊളിക്കാനുള്ള നടപടികളാണ് കമ്പനി സ്വീകരിച്ചതെന്നും തൊഴിലാളികള്‍ ആരോപിച്ചു.
സിഐടിയു, എച്ച്.എം.എസ്, ഐ.എന്‍.ടി.യു.സി., എസ്.ടി.യു തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് പണി മുടക്ക്.