കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യസൂത്രധാരക സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായി സൂചന. ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ള ആളുകള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ആശയവിനിമയം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും കോടതിയില്‍ ഹാജരാകാന്‍ സ്വപ്നയുടെ ആളുകള്‍ സമീപിച്ചതായി സൂചനയുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ കസ്റ്റംസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ, ഈ പണം എവിടേയ്ക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏതു വിവരവും വിശ്വസനീയമായ ഏജന്‍സിയ്ക്ക് കൈമാറുന്നതില്‍ തടസ്സമില്ല എന്നാണ് കസ്റ്റംസിന്റെ നിലപാട്.
കേസിന്റെ വിശദാംശങ്ങള്‍ തേടി സി.ബി.ഐ സംഘവും കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാണ് സി.ബി.ഐ സംഘം എത്തിയത്. സ്വര്‍ണ്ണക്കടത്തിലെ പ്രതി സരിത്തിനെ പിടികൂടിയതിന് പിന്നാലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയിരുന്നു. അവരുടെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം പെന്‍ഡ്രൈവ്, ലാപ്ടോപ് തുടങ്ങി നിരവധി തെളിവുകള്‍ കണ്ടെടുത്തിരുന്നു. ഒളിവിലുള്ള സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.