തിരുവനന്തപുരം: ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഗുണ്ടാസംഘങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടനിലനിന്നു എന്നതാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.
ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ മൂന്ന് ദിവസമായിട്ടും തീരുമാനമായിരുന്നില്ല. ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രണ്ടുപേരേയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. പാറശ്ശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ജോണ്‍സണ്‍.
തിരുവനന്തപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ ജോണ്‍സണും പ്രസാദും നേരത്തെ സസ്‌പെന്‍ഷനിലായ റെയില്‍വേ സിഐ അഭിലാഷും പങ്കെടുത്തിരുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളില്‍നിന്ന് ഇവര്‍ സാമ്പത്തിക ലാഭം നേടിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സസ്‌പെന്‍ഷനിലായ കെ.ജെ ജോണ്‍സണിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍വെച്ച് നടന്നിരുന്നു. ഈ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ഗുണ്ടാസംഘങ്ങളാണ് എന്നുള്ള വിവരവും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്.നേരത്തെ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നാല് സിഐമാരേയും ഒരു എസ്‌ഐയേയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.