കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡിൽനിന്ന് പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തിൽ വാളത്തുംഗൽ സ്വദേശി അരുൺ, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് 4ന് മോഷണം നടന്നത്. ഇവിടെ സ്ഥിരമായി ആൾ താമസമില്ല. സുരേഷ് ഗോപിയുടെ സഹോദരപുത്രൻ ആഴ്ചയിൽ ഒരിക്കൽ വന്നു പോകും.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കെട്ടുകളാക്കി വച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചു. അപ്പോഴാണ് രണ്ടു യുവാക്കൾ പരിസരത്ത് ഏറെ നേരം നിൽക്കുന്നതായി കണ്ടത്. ഇവരെ നേരത്തേയും വീട്ടുപരിസരത്ത് വച്ചു കണ്ടിരുന്നതായി പറയുന്നു. ഒടുവിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾ അറസ്റ്റിലായത്.