ന്യൂഡല്‍ഹി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.
അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ആരൊക്കെ കേന്ദ്രമന്ത്രിമാര്‍ ആകുമെന്നതിൽ വ്യക്തതയാകുകയാണ്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമല്ലൈയും കേന്ദ്രമന്ത്രിയാകും
ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത.
ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് കൃഷി മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. 5 സീറ്റിന് ഒരു കേന്ദ്രമന്ത്രി പദവി എന്ന ഫോർമുലയാണ് സഖ്യകക്ഷികൾക്കിടയിൽ പദവി വീതം വയ്ക്കാൻ ബിജെപി സ്വീകരിച്ചത് എന്നാണ് വിവരം. അഞ്ചിൽ താഴെ സീറ്റുകൾ കിട്ടിയ സഖ്യകക്ഷികൾക്ക് സഹമന്ത്രി പദവി നല്‍കാനും ധാരണ ആയിരുന്നു.
ജെഡിഎസ്സിന് രണ്ട് സീറ്റേ ലഭിച്ചുള്ളൂ എങ്കിലും മുൻ മുഖ്യമന്ത്രി എന്നത് കണക്കിലെടുത്താണ് കുമാരസ്വാമിക്ക് കേന്ദ്രമന്ത്രി പദവി നൽകുന്നത്. കർണാടകയിൽ നിന്ന് ഒരു ബിജെപി എംപിമാർക്കും ഇതുവരെ ദില്ലിക്ക് വരാൻ നിർദേശം കിട്ടിയിട്ടില്ല. ദേവഗൗഡയുടെ മരുമകനും ബിജെപി എംപിയുമായ ഡോ. മഞ്ജുനാഥയ്ക്ക് കുമാരസ്വാമി മന്ത്രി പദവി ആവശ്യപ്പെട്ടു എന്നാണ് വിവരം.
പിന്നീട് മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കാമെന്ന് അറിയിപ്പ് കിട്ടിയെന്നാണ് സൂചന. ധാർവാഡ് എംപി പ്രൾഹാദ് ജോഷി, ബെലഗാവി എംപി ജഗദീഷ് ഷെട്ടർ, ഹാവേരി എംപിയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മയ് എന്നിവർ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നുണ്ട്. ആർക്കും ഇതേവരെ ദില്ലിക്ക് വരാൻ ക്ഷണം കിട്ടിയിട്ടില്ല. കർണാടകയിൽ ബിജെപി പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
ശിവസേന ഷിന്‍ഡെ പക്ഷത്തിന് ഒരു ക്യാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും. ശ്രീരംഗ് ബർനെയ്ക്കും പ്രതാപ് റാവു ജാദവുമായിരിക്കും മന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് സൂചന. ശിവസേനയ്ക്ക് ഒരു ക്യാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവുമായിരിക്കുന്നും ലഭിക്കുക. മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ മന്ത്രിസഭയിലേക്കുണ്ടാവില്ല. എൻ സി പി അജിത് പക്ഷത്ത് നിന്നും രാജ്യസഭാ എം പി പ്രഫുൽ പട്ടേലിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കും. മനോഹർലാൽ ഖട്ടറും മന്ത്രിയാകും. ദില്ലിയിൽ നിന്ന് കമൽജിത് ഷെഹരാവത്ത് സഹമന്ത്രിയാകും.