‘ഹമാസ് മുസ്ലീമിന്റെ ശത്രു’ ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം:പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ‘ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?.
കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരല്ലേ ഉള്ളത്. മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. മുസ്ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ലിങ്ങളാണവരെ തീര്‍ക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ല.’ സുരേഷ് ഗോപി പറഞ്ഞു.
യുദ്ധത്തെ കേരളത്തിലെ ഇരുമുന്നണികളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്തെ വോട്ടര്‍മാരെ മുന്നില്‍ക്കാണ്ടാണ് തരൂര്‍ മുസ്‌ലിം ലീഗ് റാലിക്കിടെ ഇസ്രയേല്‍ അനുകൂല പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടില്ലാത്ത ശൂന്യത അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പരോക്ഷമായി ഉയര്‍ത്തിലീഗും ഡി.വൈ.എഫ്.ഐ.യും നികത്തുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
‘തരൂര്‍ തട്ടിപ്പല്ലേ, തിരുവനന്തപുരത്തെ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ് ഒരു വാചകം പറഞ്ഞത്. അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ ആരാണ്? ബാക്കി പറഞ്ഞതെല്ലാം രാജ്യദ്രോഹ നിലപാടാണ്. ഒരു വാചകം അങ്ങനെ പറഞ്ഞു എന്ന് കേള്‍ക്കുമ്പോഴേക്കും തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലല്ലോ. ഹമാസിനു വേണ്ടിയുള്ള സമ്മേളനമാണ് അവിടെ നടന്നത്.
പി.എഫ്.ഐ. ഇല്ലാത്ത ശൂന്യത ലീഗും ഡി.വൈ.എഫ്.ഐ.യും കൂടി നികത്തുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ അതേ വാദമാണ് അവര്‍ പരോക്ഷമായി ഉയര്‍ത്തുന്നത്. തരൂരിനറിയാം ആ കളിയും കൊണ്ട് ഇവിടെ വന്നാല്‍ എന്താകുമെന്ന്. അത് അറിയാമെന്നതു കൊണ്ടാണ് ഒരു വാചകം അങ്ങനെ പറഞ്ഞത്. അത് അദ്ദേഹം സ്ഥിരം ഉപയോഗിക്കുന്ന ഒരു കുടിലതന്ത്രമാണ്’.- കെ. സുരേന്ദ്രന്‍ ആരോപിച്ചു
ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇസ്രയേലിനെതിരെ എന്ന നിലയില്‍ പച്ചയായി ഹമാസിനെ വെളളപൂശുന്ന നിലപാടാണ് ലീഗ് സമ്മേളനത്തിലുടനീളം കണ്ടത്.
എം.എല്‍.എ.യും മുസ്ലിംലീഗ് നേതാവുമായ എം.കെ. മുനീര്‍ ഹമാസിനെ ഭഗത്സിങ്ങിനെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളോടാണ് ഉപമിച്ചത്. തികച്ചും വിനാശകരമായ ഒരു നിലപാടണത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനും മതധ്രുവീകരണത്തിലൂടെ വോട്ട് നേടാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടാണ് കേരളത്തില്‍ നടക്കുന്നത്.
ശശി തരൂര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് നേടാനുള്ള സമീപനത്തിന്റെ ഭാഗമായാണ്. നേരത്തെ ഇടതുപക്ഷസംഘടനകള്‍ പരസ്യമായി തെരുവിലിറങ്ങി ഹമാസ് അനുകൂല മുദ്രാവാക്യം മുഴക്കുന്നത് കണ്ടു. ഇപ്പോള്‍ യു.ഡി.എഫും മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.