ഓടിടി പ്ലാറ്റ്ഫോമിൽ സൂപ്പർ ഹിറ്റായ തമിഴ് ചിത്രമായിരുന്നു സുരറൈ പൊട്ര്. സൂര്യയുടെ കരിയറിലെ നിർണായകമായ ചിത്രം സുധ കൊങ്കര ആണ് സംവിധാനം ചെയ്തത്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാർത്തകൾ.സുധ തന്നെയാണ് സംവിധാനം.ആദ്യകാലത്തെ ആഭ്യന്തര വിമാന സർവീസായിരുന്ന എയർ ഡെക്കാണിന്‍റെ സ്ഥാപകൻ ജി.ആർ.ഗോപിനാഥിന്‍റെ ജീവിതം ആസ്പദമാക്കിയാണ് സുരറൈ പൊട്ര് ഒരുക്കിയത്.
സൂര്യ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സൂര്യയുടെ 2 ഡി എന്‍റർടെയ്ൻമെന്‍റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാകുമോ നായകൻ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയിട്ടില്ല.അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും. മാധവൻ, ഷാഹിദ് കപൂർ എന്നിവരിൽ ഒരാൾ നായകനാകും എന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദി തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് സംവിധായിക സുധ കൊങ്കര.”ജി.ആർ ഗോപിനാഥിന്‍റെ ജീവിതം സാഹസങ്ങൾ നിറഞ്ഞതായിരുന്നു. അത് സിനിമയാക്കിയപ്പോൾ പ്രേക്ഷകർ തന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി”.ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നതിൽ വലിയ ആവേശമുണ്ടെന്നും സുധ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ പുറത്തിറങ്ങിയപ്പോൾ സുരരൈ പൊട്ര് വലിയ ചർച്ചയായിരുന്നു. ഐഎംഡിബി റേറ്റിങ്ങിൽ ലോക സിനിമകൾക്കൊപ്പം മൂന്നാമതായി ചിത്രം ഉണ്ടായിരുന്നു. മലയാളി താരം അപർണബാലമുരളിയുടെ നായികാ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉർവശിയും പ്രധാനവേഷത്തിൽ എത്തിയിരുന്നു.