KeralaNews

കർഷക ആത്മഹത്യ സിബിൽ സ്കോർ കുറഞ്ഞതിനാലല്ല; പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: തകഴിയിലെ കർഷക ആത്മഹത്യ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണം പച്ചക്കള്ളമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ജനങ്ങളെ പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയും തെറ്റിദ്ധരിപ്പിച്ചു. കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്യാൻ കാരണം സിബിൽ സ്കോർ കുറഞ്ഞതിനാലല്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

പ്രതിപക്ഷനേതാവും കേന്ദ്രമന്ത്രി വി മുരളീധരനും രണ്ട് കള്ളങ്ങളാണ് പ്രചരിപ്പിച്ചത്. പിആർഎസ് വായ്പ കുടിശ്ശിക കാരണമാണ് ആത്മഹത്യ എന്ന് പ്രചരിപ്പിച്ചു. സിബിൽ സ്കോർ‌ കുറവായിരുന്നു എന്നും പറഞ്ഞു. പ്രസാദിൻ്റെ സിബിൽ സ്കോർ 800ന് മുകളിലാണ്. ഇത് എൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയാണ്. കേന്ദ്രസർക്കാർ നെല്ല് സംഭരണ തുക നൽകാൻ ഇല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2022- 23ലെ 644.03 കോടി ലഭിക്കാൻ ഉണ്ട്. 2023-24ലെ 790.82 കോടി രൂപയും കേന്ദ്രം തരാൻ ഉണ്ട്. നെല്ല് സംഭരണ കുടിശ്ശികയുടെ മാത്രം കണക്ക് ആണിത്.

2018- 19 വരെ സപ്ലൈകോ മുഴുവൻ ഓഡിറ്റും പൂർത്തിയാക്കി. ഓഡിറ്റ് പൂർത്തിയാകാത്തത് കൊണ്ട് കിട്ടാൻ ഉള്ളത് ആറ് കോടിയോളം രൂപയാണ്. ഏറ്റവും അവസാനം കേന്ദ്രം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് തുക നൽകിയത് 2023 സെപ്റ്റംബറിലാണ്. അന്ന് 34.3 കോടിയാണ് നൽകുന്നത്.

കേന്ദ്ര മന്ത്രി വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്. പിആർഎസ് വായ്പ കൊണ്ടു വന്നത് യുഡിഎഫാണ്. 2014 ഡിസംബർ ഒന്നിന് പിആർഎസ് കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അതിനെയാണോ പ്രതിപക്ഷം എതിർക്കുന്നത്? പകരം എന്ത് സംവിധാനം നടപ്പാക്കണമെന്ന് പ്രതിപക്ഷം പറയണം.

പിആർഎസ് വായ്പ കർഷകൻ്റെ ബാധ്യത ആകാൻ പാടില്ല. നിലവിൽ ബാധിച്ചിട്ടില്ല, സാധ്യത മുന്നിൽ കണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. വ്യക്തിഗത വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ബാങ്കുകൾ തയ്യാറാകണം. ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഗ്യാരൻ്റി നൽകുമ്പോൾ എന്തിനാണ് ബാങ്കുകൾ അങ്ങനെ ഒരു വാൾ വയ്ക്കുന്നത്. ബാങ്കുകളുമായി ഇക്കാര്യം ചർച്ച ചെയ്യും. നെല്ല് സംഭരണത്തിൽ 2022 മുതൽ സർക്കാരിൽ നിന്ന് 800 കോടിയോളം സപ്ലൈകോയ്ക്ക് ലഭിക്കാൻ ഉണ്ടെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

തകഴി കുന്നുമ്മ അംബേദ്കർ കോളനി സ്വദേശി പ്രസാദ് (55) ആണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. പി ആർ എസ് വായ്പയെ തുടർന്നുണ്ടായ കടബാധ്യതയാണ് പ്രസാദിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബവും ആരോപിക്കുന്നത്.

പി ആര്‍ എസ് വായ്പയിലെ കുടിശ്ശിക അല്ല പ്രസാദിന്റെ സിബില്‍ സ്കോറിനെ ബാധിച്ചതെന്ന് അന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിശദീകരിച്ചിരുന്നു. വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിന്റെ പേരില്‍ കർഷകന് ബാങ്കുകള്‍ വായ്പ നിഷേധിച്ചിരുന്നു. പി.ആര്‍.എസ് വായ്പയായി 1,38,655 രൂപ ആണ് പ്രസാദിന് അനുവദിച്ചതെന്നും അതിന്റെ തിരിച്ചടവിന് സമയം ബാക്കിയുണ്ടെന്നും വകുപ്പ് വിശദീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker