ടെഹ്റാൻ: ഇറാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തിൽ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി. പ്രതിഷേധിച്ച് വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവിൽനിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. അസുഖം ഭേദമായാൽ സർവകലാശാലയിൽ പഠനം പുനരാരംഭിക്കുമെന്നും അന്തിമ തീരുമാനം സർവകലാശാലയുടേതാണെന്നും എംബസി അറിയിച്ചു.
അർധനനഗ്നയായി പ്രതിഷേധിച്ച യുവതിയുടെ നടപടിയെ അസാന്മാർഗികമെന്ന് ഇറാനിയൻ ശാസ്ത്ര വകുപ്പ് മന്ത്രി ഹുസൈൻ സിമെയ് വിശേഷിപ്പിച്ചു. യുവതിയുടെ നടപടി അസന്മാർഗികവും ശരിഅത്ത് നിയമങ്ങളുടെ ലംഘനവുമാണ്. ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ധാർമികമായും മതപരമായും ന്യായീകരിക്കാൻ കഴിയാത്തതാണ് യുവതി ചെയ്തതെന്നും മന്ത്രിസഭാ യോഗത്തിൽ സിമെയ് പറഞ്ഞു.
വിദ്യാർഥിനി അഹൂ ദാര്യോയ് ആണ് സർവകലാശാലയിലും തെരുവിലും ഉൾവസ്ത്രം മാത്രം ധരിച്ച് പുറത്തിറങ്ങിയത്. ഇറാനിലെ കർശനമായ ഡ്രസ് കോഡിൽ പ്രതിഷേധിച്ചാണ് യുവതി പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരു. തുടർന്ന് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം. അഹൂ ദാര്യോയുടെ പ്രതിഷേധം രാജ്യാന്തര തലത്തിൽത്തന്നെ ചർച്ചയായിരുന്നു.