തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നും വി ശിവൻകുട്ടി വാർത്താകുറിപ്പിൽ പറഞ്ഞു.
പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറയുന്നത്.
പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്. അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപെടാൻ കാരണം എന്നാണ് വിശദീകരണം. മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓൺലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ പറഞ്ഞു.