KeralaNews

തെരുവുനായ ശല്യം,മന്ത്രിയുടെ യോഗം ഇന്ന്,തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് കോഴിക്കോട് മേയര്‍,മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ അന്വേഷണമില്ല

തിരുവനന്തപുരം : തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ചേരും. മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ നിശ്ചയിച്ചിരുന്നു. കാറ്ററിംഗ്, ഹോട്ടൽ, മാംസ വ്യാപരികൾ ഉൽപ്പടെയുള്ളവരുമായി ഇതിനായി ചർച്ച നടത്തും.ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ യോഗം. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈൻ ആയാണ് യോഗം

തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു . വേണ്ടത് മനുഷ്യത്വപരമായ സമീപനം. സ്നേഹത്തോടെ ഭക്ഷണം നൽകുന്ന രീതിയിലേക്ക് എല്ലാവരും മാറണം . മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം നായ്ക്കളെ കല്ലെറിഞ്ഞോടിക്കരുതെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറയുന്നു. ജനങ്ങളെ ഇക്കാര്യത്തിൽ ബോധവത്കരിക്കണം

ആക്രമണകാരികളായ നായ്ക്കളെ മാത്രം തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാം .  ഇവയെ കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിക്കണം . വന്ധ്യംകരണത്തിന് താക്കോൽദ്വാര ശസ്ത്രക്രിയ അടക്കം നൂതന മാർഗ്ഗങ്ങൾ നടപ്പാക്കുമെന്നും മേയർ പറഞ്ഞു.

കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃഗസ്നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്‍റ് ടി.കെ.വാസുദേവന്‍ നായര്‍ പരിഹസിച്ചു. മേഖലയില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. പന്ത്രണ്ട് നായകളെ മുളക്കുളത്ത് വിഷം കൊടുത്ത് കൊന്നെന്നാണ് സംശയം

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കകത്തേക്കും തെരുവുനായ കടന്നുകയറി.നായകള്‍ ആക്രമിച്ചതും നക്കിയതും മറ്റും കാരണം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ടായിരത്തോളം പേര്‍ക്കാണ് കുത്തിവയ്പ് എടുക്കേണ്ടിവന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.രണ്ടുമാസം മുമ്പ് നിലമ്പൂരില്‍ പതിനെട്ടു പേരെ കടിച്ചു പരിക്കേല്‍പ്പിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. എബിസി അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യക്കുറവ് നേരിടുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കമ്പംമെട്ടിലെത്തിയ പേപ്പട്ടി ഒരു ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള പശുക്കളെയടക്കം നിരവധി വളര്‍ത്ത് മൃഗങ്ങളെ കടിച്ച് പരിക്കേല്‍പ്പിച്ചു. പട്ടിയുടെ ആക്രമണം തടയാൻ ശ്രമിച്ചവരിലൊരാൾക്കും പരിക്കേറ്റു.

ശനിയാഴ്ച രാവിലെയാണ് കമ്പംമെട്ടിൽ പേപ്പട്ടി വളർത്തു മൃഗങ്ങളെ ആക്രമിച്ചത്. കമ്പെമെട്ട് സ്വദേശികളായ തോമസ് മാത്യൂ, ആന്‍സി ഷാജി, ബേബി എന്നിവരുടെ പശുക്കളെയാണ് പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചത്. ടോംസിന്‍റെ ആടും മാത്യുവിൻറ പോത്തിനും കടിയേറ്റിട്ടുണ്ട്. കൂട്ടിനുള്ളിൽ നിൽക്കുമ്പോഴാണ് ഇവക്കെല്ലാം കടിയേറ്റത്. രണ്ടു പട്ടികൾക്കും കടിയേറ്റിട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പേപ്പട്ടിയെ കണ്ടെത്താനായില്ല. കടിയേറ്റ മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയപ്പ് നല്കി. നാല്‍പ്പത് ദിവസ്സം നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. മിക്കവയുടെയും മുഖത്താണ് കടയേറ്റിരിക്കുന്നത്. അതിനാൽ പേവിഷ ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട് അതിർത്തി കടന്നെത്തയതായിരിക്കും പേപ്പട്ടിയെന്നാണ് സംശയിക്കുന്നത്. രാത്രിയും പകലും കമ്പംമെട്ടിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന പട്ടികൾക്കും കടിയേറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതിനാൽ ആളുകൾ ആശങ്കയിലാണ്.

കൊച്ചിയിലെ തെരുവ് നായകളെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റണമെന്ന നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്.ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഇതിനുള്ള സഹകരണം ആവശ്യപ്പെട്ട് ബെറ്റർ കൊച്ചി ടീം സർക്കാരിനെയും കോർപ്പറേഷനെയും സമീപിച്ചു.ബോൾഗാട്ടിയ്ക്കും വെല്ലിഗ്ടൺ ദ്വീപിനും ഇടയിൽ ദീപു സാഗർ, ഡയമണ്ട് തുടങ്ങി ആൾപ്പാർപ്പില്ലാത്ത ദ്വീപുകളുണ്ട്. ഇവിടേയ്ക്ക് തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ആവശ്യം. അതിന് മുന്പ് ദ്വീപുകളിൽ നായ്ക്കൾക്ക് ജീവിക്കാനാവശ്യമായ സൗഹചര്യം ഒരുക്കും. 

കൊച്ചിൻ പോർട്ട് ട്രെസ്റ്റിന്‍റെ കൈവശമാണ് ഭൂരിപക്ഷം ദ്വീപുകളും. സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലുണ്ടായാലേ പദ്ധതി മുന്നോട്ട് നീങ്ങൂ. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക സേവന സംഘടനയായ ബെറ്റർ കൊച്ചി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. 10 മുതൽ 12 വർഷം വരെയാണ് തെരുവ് നായ്ക്കളുടെ ആയുസ്. അതുകൊണ്ട് തന്നെ പരമാവധി 15 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ബെറ്റർ കൊച്ചി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker