കൊച്ചി: 2013 ഐപിഎലിലെ വാതുവെപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്. അന്ന് നടത്തുന്ന പാര്‍ട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. പിന്നെ, വെറും 10 ലക്ഷം രൂപയ്ക്ക് താന്‍ എന്തിന് അത് ചെയ്യണം എന്നാണ് ശ്രീശാന്തിന്റെ ചോദ്യം. പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്സ് കീഡയുമായി സംസാരിക്കുകയായിരുന്നു താരം.
‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയുള്ള ഞാനെന്തിന് ഇത്തരത്തില്‍ ചെയ്യണം? അതും വെറും 10 ലക്ഷം രൂപയ്ക്ക്. മേനി നടിക്കുന്നതല്ല, പക്ഷേ, ഞാന്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് 2 ലക്ഷം രൂപ ബില്‍ വന്നിരുന്നു. ഒരു ഓവറില്‍ 14 റണ്‍സോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലോ അന്നത്തെ വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. കാല്‍വിരലില്‍ 12 ശസ്ത്രക്രിയകള്‍ കഴിഞ്ഞെങ്കിലും 30ന് മുകളില്‍ വേഗതയില്‍ എറിയാന്‍ എനിക്ക് സാധിച്ചിരുന്നു.
2013 ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 2020ല്‍ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിസിസിഐ ഓമ്പുഡ്സ്മാന്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി. സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.
വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന്‌കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂര്‍ണമെന്റുകളുടെ കഴിഞ്ഞ സീസണില്‍ ശ്രീശാന്ത് കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്താനും ശ്രീശാന്തിനു സാധിച്ചു. എങ്കിലും ഐപിഎല്‍ ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിനു സാധിച്ചില്ല. വരുന്ന ആഭ്യന്തര സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ഐപിഎല്‍ പ്രവേശനം നേടുകയാവും ശ്രീശാന്തിന്റെ ലക്ഷ്യം.