KeralaNews

റിലേഷന്‍ഷിപ്പ് ഉണ്ടാകുന്നതും ബ്രേക്കപ്പ് ആകുന്നതും സ്വാഭാവികം; ആര്യയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും തേപ്പുകാരിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് എതിര്‍രാഷ്ട്രീയ അണികള്‍. ആര്യ രാജേന്ദ്രന് നേരെയുള്ള ക്രൂരമായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര. ആര്യയ്ക്ക് നേരെയുള്ള ഈ വേട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും അവര്‍ മേയര്‍ ആയതു മുതല്‍ അവര്‍ക്കെതിരെയുള്ള വ്യക്തിഹത്യ പതിവാണ് എന്നും ശ്രീജ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ പുരുഷന്റെ നേര്‍ക്ക് നോക്കി ഒന്നുറക്കെ സംസാരിച്ചാല്‍ മുറിവേല്‍ക്കുന്ന ആണ്‍ബോധവും പേറി നടക്കുന്നവര്‍ക്ക് പ്രായം കുറഞ്ഞൊരു പെണ്‍കുട്ടി അധികാരം കയ്യാളുന്നത് സഹിക്കാന്‍ കഴിയില്ല എന്നതില്‍ നിന്നാണ് അവര്‍ക്ക് നേരെ ഇത്തരത്തില്‍ കടുത്ത സൈബര്‍ ആക്രമണം ഉണ്ടാകുന്നത് എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. നേരത്തെ, ആര്യയ്ക്ക് നേരെ പരസ്യമായ അധിക്ഷേപ പ്രസ്താവനവുമായി കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു. ഇതിനെയും ഒരു ഉദാഹരണമാക്കി ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷന്‍ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ്. വേണ്ടെന്ന് തോന്നിയാല്‍ ഏത് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കൂടെ കഴിയണം. അതാണ് ജനാധിപത്യം. അതവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അവിടേക്ക് കയറി ചെന്ന് അഭിപ്രായം പറയുന്നതും അതിനെ അധിക്ഷേപിച്ച് നടക്കുന്നതും വികല രാഷ്ട്രീയം ആണെന്ന് മാത്രമല്ല അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ്’, ശ്രീജ പറയുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മേയര്‍ ആര്യ രാജേന്ദ്രന്‍ ?
എം എല്‍ എ അഡ്വ സച്ചിന്‍ കെ ദേവ് ?
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം എല്‍ എ അഡ്വ സച്ചിന്‍ കെ ദേവും വിവാഹിതരാകുന്നു എന്ന വാര്‍ത്ത വന്ന് ഏറെ കഴിഞ്ഞില്ല അതാ വരുന്നു ആര്യയെ തേപ്പുകാരി എന്നധിക്ഷേപിച്ചു കൊണ്ടുള്ള ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍. ആര്യയ്ക്ക് നേരെയുള്ള ഈ വേട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവര്‍ മേയര്‍ ആയതു മുതല്‍ അവര്‍ക്കെതിരെയുള്ള വ്യക്തിഹത്യ പതിവാണ്. സ്ത്രീ പുരുഷന്റെ നേര്‍ക്ക് നോക്കി ഒന്നുറക്കെ സംസാരിച്ചാല്‍ മുറിവേല്‍ക്കുന്ന ആണ്‍ബോധവും പേറി നടക്കുന്നവര്‍ക്ക് പ്രായം കുറഞ്ഞൊരു പെണ്‍കുട്ടി അധികാരം കയ്യാളുന്നത് സഹിക്കാന്‍ കഴിയില്ല. സ്വാഭാവികമായും ആ പെണ്‍കുട്ടിയെ അധിക്ഷേപിക്കുക എന്നതിനപ്പുറം അവരോട് ആരോഗ്യകരമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പോലും നടത്താന്‍ ശേഷിയില്ലാത്തവരുടെ രോദനങ്ങളാണ് ദാ ഇപ്പോഴും കേള്‍ക്കുന്നതും. എന്തിനേറെ പറയുന്നു ഈയിടെ കെ മുരളീധരന്‍ എന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പോലും ആര്യയെ ക്രൂരമായി പരിഹസിക്കുന്നത് കണ്ടിരുന്നു. അഥവാ അദ്ദേഹത്തിന് പോലും അധികാരം കയ്യാളുന്ന രാഷ്ട്രീയ എതിരാളിയായ സ്ത്രീയോട് രാഷ്ട്രീയ സംവാദം സാധ്യമല്ലെന്നിരിക്കെ സൈബറിടങ്ങളില്‍ പൂണ്ടു വിളയാട്ടം നടത്തുന്ന അണികള്‍ക്കത് കഴിയുമോ?

ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷന്‍ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാല്‍ ഏത് റിലേഷന്‍ ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കൂടെ കഴിയണം അതാണ് ജനാധിപത്യം. അതവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അവിടേക്ക് കയറി ചെന്ന് അഭിപ്രായം പറയുന്നതും അതിനെ അധിക്ഷേപിച്ച് നടക്കുന്നതും വികല രാഷ്ട്രീയം ആണെന്ന് മാത്രമല്ല അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രീയ എതിരാളിയായ സ്ത്രീയുടെ സ്വകാര്യ ജീവിതം പോലും രാഷ്ട്രീയ പക തീര്‍ക്കാന്‍ ഉപയോഗിക്കുന്ന അശ്ലീല രാഷ്ട്രീയം പേറുന്നവര്‍ എത്രമാത്രം അപകടകാരികളായിരിക്കും. മേയര്‍ ആര്യ രാജേന്ദ്രനും എം എല്‍ എ സച്ചിന്‍ ദേവിനും ആശംസകള്‍. നിങ്ങളുടെ വിവാഹം ജാതീയതയ്ക്കെതിരെയുള്ള ശക്തമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടെയാണ്. വിപ്ലവം എന്നാല്‍ ഗുണപരമായ മാറ്റം എന്നാണല്ലോ. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം പ്രേമത്തില്‍ രാഷ്ട്രീയാശയങ്ങള്‍ ഉള്‍ച്ചേരണം അപ്പോഴാണത് ചുറ്റും വശ്യമനോഹരമായ വെളിച്ചം തൂകുന്നത്. ആ വെളിച്ചം നിങ്ങളുടെ വിവാഹ തീരുമാനത്തിലുണ്ട് ?സൈബര്‍ ഗുണ്ടകള്‍ക്ക് പുല്ലുവില കല്പിച്ച് മുന്നോട്ട് പോകൂ …. എല്ലാ വിധ ആശംസകളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker