InternationalNews

ചൈനീസ് ചാരന്‍ ബെക്കിങ്ഹാം കൊട്ടാരത്തില്‍, H6 എന്ന് വിളിപ്പേര്, മുന്‍ പ്രധാനമന്ത്രിമാരെ കണ്ടു?വിവാദം കൊഴുക്കുന്നു

ലണ്ടൻ: ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരൻ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ഇയാൾ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ എച്ച് 6 എന്ന് വിശേഷണമുള്ള ഇദ്ദേഹം മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.

നിയമപരമായ കാരണങ്ങളാൽ എച്ച്-6 എന്നറിയപ്പെടുന്ന ഈ വ്യക്തി ഒരു ബിസനസുകാരനാണ്. ഇയാൾ കൊട്ടാരവുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോ​ഗസ്ഥനുമായി അസാധാരണമായ അടുപ്പം നേടിയതായി ഒരു ട്രൈബ്യൂണൽ ജഡ്ജി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ ഈ ചാരനുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് യോർക്ക് ഡ്യൂക്ക് അറിയിച്ചിരിക്കുന്നത്.

തെരേസ മേയ്, ഡേവിഡ് കാമറൂൺ എന്നിവർക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. “ഡേവിഡ് കാമറൂൺ ഒരു ദശാബ്ദത്തിലേറെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും ആറ് വർഷം പ്രധാനമന്ത്രിയുമായിരുന്നു. ആ സമയത്ത് നൂറുകണക്കിന് ചടങ്ങുകളിലും പരിപാടികളിലും ആയിരക്കണക്കിന് ആളുകളെ അദ്ദേഹം കണ്ടുമുട്ടി. ഈ വ്യക്തിയെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നുമില്ല,” കാമറൂണിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ‘സ്കൈ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ചിത്രം എവിടെനിന്ന് എപ്പോൾ എടുത്തതാണെന്നും ഇയാൾ ആരാണെന്ന് അറിയില്ലെന്നും തെരേസ മേയുടെ വക്താവ് പ്രതികരിച്ചു.

ദേശീയ സുരക്ഷാ ആശങ്കകൾ കാരണം എച്ച് 6-ന് യു.കെയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സ്ഥിതിഗതികൾ വിവാദങ്ങളിലേക്കെത്തിയത്. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ 2023-ൽ എച്ച് 6 നെ യുകെയിൽ നിന്ന് വിലക്കിയതായി സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്ന ചില രഹസ്യപ്രവർത്തനങ്ങളിൽ എച്ച് 6 ന്റെ പങ്കാളിത്തം ഹോം ഓഫീസ് കണ്ടെത്തിയിരുന്നു.

ചാരവൃത്തി ആരോപണം യു.കെയിലെ ചൈനീസ് എംബസി നിഷേധിച്ചിട്ടുണ്ട്. ചൈനയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാനരഹിതമായ ചാരക്കഥകൾ കെട്ടിച്ചമയ്ക്കാൻ യുകെയിലെ ചില വ്യക്തികൾ എപ്പോഴും ഉത്സാഹിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. ചൈനയെ അപകീർത്തിപ്പെടുത്തുകയും ചൈനീസ്, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുകയുമാണ് അവരുടെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker