KeralaNews

വേണാടിൻ്റെ സ്ഥാനത്ത് അൺ റിസേർവ്ഡ് സ്പെഷ്യൽ ട്രെയിൻ, കോട്ടയം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം

കോട്ടയം:വേണാട് എക്സ്പ്രസ്സ്‌ റദ്ദാക്കിയ മെയ്‌ 24, 25, 26, 27, 28 തിയതികളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ മെമു വിന്റെ റേക്കുകൾ ഉപയോഗിച്ച് വേണാട് ന്റെ സ്റ്റോപ്പുകളുമായി അൺ റിസേർവ്ഡ് സ്പെഷ്യൽ ഓടിക്കാൻ തീരുമാനമായി. ഇതോടെ കൊല്ലത്ത് നിന്ന് ചങ്ങനാശ്ശേരി വരെയുള്ള ഓഫീസ് ജീവനക്കാരുടെ യാത്രാക്ലേഷത്തിന് പരിഹാഹാരമാകും.

ഇരട്ട പാത നിയന്ത്രണത്തേത്തുടർന്ന്, പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ തത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു.

ഇരട്ട പാത അവസാന ഘട്ടത്തിലേയ്ക്ക് അടുത്തപ്പോൾ കൂടുതൽ ട്രെയിനുകൾ റദ്ദാക്കുകയും ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രെയിൻ നമ്പർ 16791 തിരുനെൽവേലി – പാലക്കാട് പാലരുവിയ്ക്ക് മെയ്‌ 23 മുതൽ 27 വരെയും ട്രെയിൻ നമ്പർ 16792 പാലക്കാട് തിരുനെൽവേലി എക്സ്പ്രസ്സിന് മെയ്‌ 24 മുതൽ 28 വരെയും ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചത്. രാവിലെ 07 20 നും രാത്രി 07.57 നുമാണ് പാലരുവി ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്. മെയ്‌ 23 ന് രാത്രി തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16791 പാലരുവി പിറ്റേന്ന് രാവിലെ 07 20 നാണ് ഏറ്റുമാനൂർ എത്തിച്ചേരുക. ആയതിനാൽ ഫലത്തിൽ 24 മുതൽ 28 വരെയാണ് സ്റ്റോപ്പ്‌ ലഭിച്ചിരിക്കുന്നത്.

മെമു ഈ മാസം 22 മുതൽ 28 വരെയും വേണാട് 24 മുതൽ 28 വരെയും പരശുറാം 21 മുതൽ 29 വരെയും റദ്ദാക്കിയിട്ടുണ്ട്. ശബരി എക്സ്പ്രസ്സ്‌ 24 മുതൽ 28 വരെ തൃശൂരിൽ നിന്നാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. നിലമ്പൂർ എക്സ്പ്രസ്സ്‌ കോട്ടയം എറണാകുളം റൂട്ടിൽ മെയ്‌ 6 ന് തന്നെ സർവീസ് അവസാനിപ്പിച്ചിരുന്നു. കോട്ടയം വഴി ഈ ദിവസങ്ങളിൽ പകൽ സർവീസ് നടത്തുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രസ്സ്‌.

ഏറ്റുമാനൂർ പാസഞ്ചേഴ്സ് പ്രതിനിധികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം, ഷിനു. എം. എസ് എന്നിവരുടെ നേതൃത്വത്തിൽ പാലരുവിയുടെ സ്റ്റോപ്പ്‌ എന്ന ആവശ്യം അധികൃതരിലേക്കും മറ്റ് അസോസിയേഷൻ ഭാരവാഹികളിലേയ്ക്കും ജനപ്രതിനിധികളിലേയ്ക്കും എത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയം എറണാകുളം പാതയിലെ ഏറ്റവും പ്രധാന സ്റ്റേഷനായ ഏറ്റുമാനൂരിലെ നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായി പാലരുവി എക്സ്പ്രസ്സിന് തത്കാലിക സ്റ്റോപ്പ്‌ നൽകിയിരിക്കുന്നത്.

ഏറ്റുമാനൂർ സ്റ്റോപ്പിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. പോൾ ജെ മാൻവെട്ടം തിരുവനന്തപുരം ഡിവിഷണൽ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അനുകൂല നിലപാട് സ്വീകരിക്കുമെന്നും വാക്കാൽ ഉറപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. കമ്മീഷൻ ദിവസമായ മെയ്‌ 28 ന് പാലരുവിയും റദ്ദാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.

കോട്ടയം ഇരട്ട പാത പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്ക് തലസ്ഥാനനഗരി വരെ ഇരട്ടപാതയെന്ന ചരിത്രനേട്ടമാണ് പങ്കുവെയ്ക്കുന്നത്. കൂടുതൽ ട്രെയിനുകൾ തലസ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ ഇത് ഭാവിയിൽ ഒരു നിമിത്തമായേക്കാം.

ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപാതയും കോട്ടയം സ്റ്റേഷന്റെ നവീകരണവും ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും തന്മൂലം സമയക്രമം പുനക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. വേണാട് രാവിലെ 09.30 ന് മുമ്പ് എറണാകുളം ജംഗ്ഷനിൽ എത്തുന്ന വിധം സമയം ചിട്ടപ്പെടുത്തണമെന്ന് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന കാരയ്ക്കൽ എക്സ്പ്രസ്സ്‌ പോലുള്ള ഡെയിലി എക്സ്പ്രസ്സുകളിൽ ചിലത് കോട്ടയം വരെ നീട്ടണമെന്നും എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും ഇതൊരു പരിഹാരമാകുമെന്നും അഭിപ്രായമുണ്ട്.

അതുപോലെ കോട്ടയം ഇരട്ട പാത പൂർത്തിയാകുമ്പോൾ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്ഥിരമായി സ്റ്റോപ്പ്‌ നൽകാമെന്ന് ചെന്നൈ ജനറൽ മാനേജരായി വിരമിച്ച മലയാളിയും കൂടിയായ ജോൺ തോമസ് ഉറപ്പ് നൽകിയതാണ്. ജൂണിൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ പരിഗണിക്കുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചിട്ടുണ്ടെന്ന് പാസഞ്ചർ സർവീസസ് കമ്മറ്റി അംഗം ശ്രീ ഏറ്റുമാനൂർ രാധാകൃഷ്ണൻ യാത്രക്കാരോട് പങ്കുവെച്ചു. താത്കാലിക സ്റ്റോപ്പ്‌ നേടുന്നതിനടക്കം ഏറ്റുമാനൂർ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കാത്തിരിപ്പ് സൗകര്യം ഏറ്റുമാനൂരിൽ ഒരുക്കുന്നതിനും അടിയന്തിരമായി തുക വകയിരുത്തിയതായും പറഞ്ഞു. സ്റ്റേഷനിൽ പെയിന്റിംഗ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button