KeralaNews

സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പി എം മനോരാജ് അടക്കമുള്ളവര്‍ ശിക്ഷ അനുഭവിക്കണം

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചു കോടതി. എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അമ്പതിനായിരം രൂപ പിഴയും ഇവര്‍ നല്കണം. കേസിലെ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ പി എം മനോരാജും ടി പി കേസ്പ്രതി ടി കെ രജീഷും അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. കേസിലെ 11 ാം പ്രതികള്‍ക്ക് മൂന്ന് വര്‍ഷവും തടവു ശിക്ഷയും വിധിച്ചു.

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസിലെ പ്രതികളായിരുന്ന പി കെ ഷംസുദ്ദീനും ടി പി രവീന്ദ്രനും മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്റെ പ്രായം.

അതേസമയം സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞിരുന്നു. പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല. പാര്‍ട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നില്‍ക്കും. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker