ന്യൂഡല്‍ഹി: ഒന്നിലധികം സംവിധായകന്‍മാര്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്റെ മുന്‍ കാമുകി സോമി അലി. സല്‍മാനുമായുള്ള ബന്ധമടക്കം ബോളിവുഡില്‍ നിന്നു തനിക്കുണ്ടായത് മോശം അനുഭവമാണെന്നും സോമി അലി വെളിപ്പെടുത്തി. 90കളിലെ സൂപര്‍ നായികയായിരുന്നസോമി അലി തന്റെ ബോളിവുഡ് കരിയറില്‍ സല്‍മാന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, സെയ്ഫ് അലി ഖാന്‍, ഗോവിന്ദ എന്നീ പ്രമുഖ താരങ്ങളുടെ നായികയായി വേഷമിട്ടിട്ടുണ്ട്.
കൗമാരകാലത്ത് സല്‍മാന്‍ ഖാനോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ മുംബൈയിലേക്ക് വണ്ടി കയറിയതെന്ന് അവര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പിന്‍കാലത്ത് അവര്‍ സല്‍മാന്റെ കാമുകിയുമായി മാറി. എട്ടുവര്‍ഷത്തിലേറെ കാലം ആ ബന്ധം നീണ്ടുനിന്നു. എന്നാല്‍ വെറും 10 ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് താന്‍ ബോളിവുഡ് വിടാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സോമി അലി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് 45കാരിയായ സോമി അലി നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. സൂം ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നതിനെ കുറിച്ച് സോമി അലി മനസുതുറന്നത്.
ഒന്നിലധികം സംവിധായകന്‍മാര്‍ തന്നോട് മോശമായി പെരുമാറിയതായും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും സോമി തുറന്നു പറഞ്ഞു. സല്‍മാനുമായുള്ള ബന്ധമടക്കം മൊത്തത്തില്‍ തനിക്ക് മോശം അനുഭവമാണ് ബോളിവുഡില്‍ നിന്നുണ്ടായതെന്നും അലി പ്രതികരിച്ചു. ‘ഇല്ല. അന്നേ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ തന്നെ എനിക്ക് തോന്നുകയാണെങ്കില്‍ തന്നെ അവിടം എനിക്ക് യോജിക്കില്ല’ -ബോളിവുഡിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച ചോദ്യത്തിന് അലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
കൃഷന്‍ അവതാര്‍, യാര്‍ ഗദ്ദര്‍, അന്ധ്, തീസര കോന്‍, ആന്തോളന്‍, മാഫിയ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളില്‍ നായികയായെത്തിയ സോമി അലി നിലവില്‍ ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. തന്റെ വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോര്‍ ടിയേഴ്സ്’ എന്ന എന്‍ ജി ഒക്ക് തുടക്കമിടാന്‍ കാരണമെന്ന് സോമി പറഞ്ഞു. ഇത്തരം ഇരുണ്ട അധ്യായങ്ങളെ വളരെ പോസിറ്റീവാക്കി മാറ്റുന്നതാണ് തന്റെ സന്തോഷമെന്നും അവര്‍ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ആരാധകര്‍ക്കായി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
സല്‍മാന്‍ ഖാനുമായുണ്ടായ പ്രണയ ബന്ധത്തില്‍ നിന്നും താന്‍ ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കളില്‍ നിന്നും വളരേയേറെ പഠിക്കാന്‍ സാധിച്ചതായി സോമി പറഞ്ഞു. ‘അദ്ദേഹത്തിന്റെ മാതാപിതാക്കളില്‍ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിച്ചു. ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം അവര്‍ ഒരിക്കലും മതം നോക്കിയിരുന്നില്ല. എല്ലാ മനുഷ്യരോടും അവര്‍ തുല്യമായാണ് പെരുമാറിയത്. അവരുടെ വീട് എല്ലാവര്‍ക്കുമായി തുറന്നിരുന്നു. അവരുടെ വീട്ടില്‍ ഉടനീളം സ്നേഹം ഒഴുകിയിരുന്നു. പ്രത്യേകിച്ച് സല്‍മ ആന്റി (സല്‍മാന്റെ ഉമ്മ)’ -സോമി അലി പറയുന്നു.